പനാജി: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒഡിഷ ബെംഗളൂരുവിനെതിരേ മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നത്. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ഒഡിഷയുടെ ജയത്തില്‍ നിര്‍ണായകമായത്. 

കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒഡിഷ മുന്നിലെത്തി. ബോക്‌സിലേക്ക് വന്ന ഒരു ലോങ് ബോളില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് സംഭവിച്ച പിഴവ് മുതലെടുത്ത് ജാവിയര്‍ ഹെര്‍ണാണ്ടസ് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 

പിന്നാലെ 12-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം നന്ദകുമാര്‍ ശേഖര്‍ നഷ്ടപ്പെടുത്തി. 

എന്നാല്‍ 21-ാം മിനിറ്റില്‍ ബെംഗളൂരു ഒപ്പമെത്തി. റോഷന്‍ നോറെം എടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. 

ഇരു ടീമുകളും ആക്രമിച്ച് കളിക്കവെ 51-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ തന്നെ ഒഡിഷ വീണ്ടും ലീഡെടുത്തു. താരത്തിന്റെ ഇടംകാലന്‍ ഫ്രീകിക്ക് ഗോളി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. 

ലീഡ് വഴങ്ങിയതോടെ ഒപ്പമെത്താന്‍ ബെംഗളൂരു കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ 61-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയെ ഹെന്‍ഡ്രി ആന്റണി ബോക്‌സില്‍ വീഴ്ത്തിയതിന് ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. 

എന്നാല്‍, പിന്നീട് നാടകീയ നിമിഷങ്ങള്‍ക്കാണ് സ്റ്റേഡിയം വേദിയായത്. സുനില്‍ ഛേത്രിയെടുത്ത ഷോട്ട് ഒഡിഷ ഗോളി കമല്‍ജിത്ത് സിങ് തടുത്തിട്ടെങ്കിലും ബോക്‌സിലേക്ക് ഓടിക്കയറിയ ക്ലെയ്റ്റണ്‍ സില്‍വ പന്ത് വലയിലെത്തിച്ചു. എന്നാല്‍ റഫറി ഈ ഗോള്‍ അനുവദിച്ചില്ല. ഛേത്രി കിക്കെടുക്കും മുമ്പ് സില്‍വ ബോക്‌സിലേക്ക് ഓടിക്കയറിയെന്ന കാരണത്താലായിരുന്നു ഇത്. ബെംഗളൂരു താരങ്ങള്‍ ഒന്നടങ്കം വാദിച്ചെങ്കിലും റഫറി തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നു.

ഗോള്‍ തിരിച്ചടിക്കാനുള്ള ബെംഗളൂരു താരങ്ങളുടെ ശ്രമങ്ങളെല്ലാം ഒഡിഷ പ്രതിരോധം തടഞ്ഞു. 90-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഉറച്ച ഗോളവസരം കമല്‍ജിത്ത് രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്‍ജുറി ടൈമില്‍ മികച്ചൊരു മുന്നേറ്റത്തിലൂടെ അരിഡായ് സുവാരസ് ഒഡിഷയുടെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു. 

Content Highlights: isl 2021-22 Odisha FC beat Bengaluru FC