ന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ കളിക്കുന്ന 11 ക്ലബ്ബുകളില്‍ ആറും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. എ.ടി.കെ. ബഗാന്റെ അന്റോണിയോ ലോപ്പസ് ഹെബാസ്, എഫ്.സി. ഗോവയുടെ യുവാന്‍ ഫെറാന്‍ഡോ, ജംഷേദ്പുര്‍ എഫ്.സി.യുടെ ഓവന്‍ കോയില്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഖാലിദ് ജമീല്‍, ഹൈദരാബാദ് എഫ്.സി.യുടെ മാനുവല്‍ റോക്ക എന്നിവരാണ് സ്ഥാനം സംരക്ഷിച്ച പരിശീലകര്‍.

കേരള ബ്ലാസ്റ്റേഴ്സ് സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ചിനെ പരിശീലകനായി കൊണ്ടുവന്നു. കഴിഞ്ഞ സീസണില്‍ പ്രകടനം മോശമായതിനാല്‍ സ്പാനിഷ് പരിശീലകന്‍ കിബു വികുനയെ സീസണ്‍ തീരുംമുമ്പേ പുറത്താക്കിയിരുന്നു.

കളിക്കുമ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു വുകോമാനോവിച്ച്. ബെല്‍ജിയം ക്ലബ്ബ് സ്റ്റാന്‍ഡേര്‍ഡ് ലിഗെ, സൈപ്രസ് ക്ലബ്ബുകളായ സ്ലോവന്‍ ബ്രാറ്റിസ്ലാവ, അപോളന്‍ ലിമാസോള്‍ എന്നിവരെ പരിശീലിപ്പിച്ചു.

44-കാരനായ വുകോ 4-2-3-1, 4-4-2 ഡബിള്‍ സിക്‌സ് ശൈലികളെ ഇഷ്ടപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ മോശം പ്രകടനത്തില്‍നിന്ന് ടീമിനെ കരകയറ്റുക എന്ന വലിയ ഉത്തരവാദിത്തം വുകോമാനോവിച്ചിനുണ്ട്.

കഴിഞ്ഞ സീസണില്‍ പ്രകടനം മോശമായപ്പോള്‍ കാള്‍സ് ക്വഡ്രാറ്റിനെ പുറത്താക്കിയ ബെംഗളൂരു എഫ്.സി. സഹപരിശീലകന്‍ നൗഷാദ് മൂസയ്ക്ക് ചുമതല നല്‍കി. തുടര്‍ന്ന് ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കോ പിസയൂളിയെ കൊണ്ടുവന്നു. ജര്‍മന്‍ യൂത്ത് ടീമുകളെയും ഹോഫന്‍ഹെയിമിനെയും പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള 52-കാരനായ പിസയൂളിയുടെ ഇഷ്ട ഫോര്‍മേഷന്‍ 4-2-3-1 ആണ്. യുവനിരയുമായാണ് ബെംഗളൂരു എഫ്.സി.യുടെ വരവ്. മോണ്ടിനെഗ്രോക്കാരനായ ബോസിദാര്‍ ബാന്‍ഡോവിച്ചാണ് ഇത്തവണ ചെന്നൈയിന്‍ എഫ്.സി.യെ ഒരുക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹംഗറിക്കാരനായ സാബ ലാസ്ലോക്ക് കീഴില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 52-കാരനായ പരിശീലകന് 3-5-2/ 532 ഫോര്‍മേഷനാണ് കൂടുതലിഷ്ടം.

കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തില്‍ ഒഡീഷ എഫ്.സി. സ്‌കോട്ടിഷ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ബക്‌സറെ പുറത്താക്കി. പകരം സഹപരിശീലകന്‍ സ്റ്റീവന്‍ ഡയസിന് ചുമതല നല്‍കി. ഇത്തവണ 51-കാരനായ സ്പാനിഷ് പരിശീലകന്‍ കിക്കോ റാമിറസിനാണ് ചുമതല. 4-2-3-1 ശൈലി ഇഷ്ടപ്പെടുന്നു. ലിവര്‍പൂളിന്റെ ഇതിഹാസതാരം റോബി ഫൗളറെയാണ് ആദ്യ സീസണില്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകനാക്കിയത്. ഇക്കുറി സ്പാനിഷുകാരന്‍ മനോളോ ഡയസിനെ കൊണ്ടുവന്നു. 53-കാരനായ ഡയസ് 4-4-2 ഫോര്‍മേഷന്‍ താല്പര്യപ്പെടുന്നു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി അപ്രതീക്ഷിതമായാണ് അവരുടെ പരിശീലകന്‍ സെര്‍ജി ലൊബേറോയെ മാറ്റിയത്. പകരം സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മെല്‍ബണ്‍ സിറ്റിയുടെ സഹപരിശീലകനായിരുന്ന ഡസ് ബെക്കിങ്ഹാമിനെ കൊണ്ടുവന്നു. സൂപ്പര്‍ ലീഗിലെ പ്രായം കുറഞ്ഞ പരിശീലകനാണ് 36-കാരനായ ഡസ്.

isl 2021-22 new coaches in upcoming season
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ ഖാലിദ് ജമീല്‍

ജമീലിന് ചരിത്ര ദൗത്യം

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പര്‍ ലീഗില്‍ പന്തുതട്ടാനിറങ്ങുമ്പോള്‍ പരിശീലകന്‍ ഖാലിദ് ജമീല്‍ ചരിത്രത്തില്‍ ഇടംനേടും. ലീഗില്‍ സ്ഥിരം പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ജമീല്‍. ഇതുവരെ താത്കാലിക ചുമതലയാണ് ഇന്ത്യക്കാര്‍ വഹിച്ചത്.

കഴിഞ്ഞ സീസണിന്റെ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ജെറാഡ് നൂസിനെ പുറത്താക്കിയപ്പോഴാണ് ജമീലിന് ചുമതല ലഭിച്ചത്. പ്രകടനം മെച്ചമായതോടെ ഇക്കുറി സ്ഥിരം പരിശീലകനാക്കി. 2016-17-ല്‍ ഐസോള്‍ എഫ്.സി.യെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.

കാര്‍ഡില്‍ മുന്നില്‍ ഗോവ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കൂടുതല്‍ ചുവപ്പുകാര്‍ഡ് നേടിയ ടീം എഫ്.സി. ഗോവയാണ്. ഏഴ് സീസണുകളിലായി 130 മത്സരം കളിച്ച ടീമിലെ താരങ്ങള്‍ക്ക് 18 തവണ ചുവപ്പുകാര്‍ഡ് ലഭിച്ചു.

123 മത്സരം കളിച്ച മുംബൈ സിറ്റിക്ക് 13 ചുവപ്പുകാര്‍ഡുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ചെന്നൈയിന്‍ എഫ്.സി.ക്കും 11 വീതവും. കേരള ബ്ലാസ്റ്റേഴ്സും മോശക്കാരല്ല. കേരള ടീമിലെ കളിക്കാര്‍ പത്തുവട്ടം ചുവപ്പുകാര്‍ഡ് വാങ്ങി. ലീഗില്‍ 38 മത്സരം മാത്രം കളിച്ച ഒഡീഷ എഫ്.സി.ക്ക് രണ്ട് ചുവപ്പുകാര്‍ഡുണ്ട്. കളിക്കാരില്‍ മൊറോക്കോ മധ്യനിര താരം അഹമ്മദ് ജാഹുവാണ് ഒന്നാമത്. ജാഹുവിന് നാല് ചുവപ്പുകാര്‍ഡുണ്ട്. ബ്രസീല്‍ താരം മാഴ്സലീന്യോക്ക് മൂന്നു കാര്‍ഡുണ്ട്.

Content Highlights: isl 2021-22 new coaches in upcoming season