ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ മുംബൈ സിറ്റി എഫ്.സിക്ക് ജയം. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം. 

മത്സരത്തിലുടനീളം ഗോവന്‍ പ്രതിരോധത്തെ വിറപ്പിക്കാന്‍ മുംബൈക്കായി. മുംബൈ ആക്രമണം ശക്തമാക്കിയതോടെ ഗോവയ്ക്ക് മികച്ച മുന്നേറ്റങ്ങളൊരുക്കാന്‍ സാധിച്ചില്ല. 

13-ാം മിനിറ്റില്‍ തന്നെ അര്‍ഹിച്ച പെനാല്‍റ്റി മുംബൈക്ക് നഷ്ടമാകുന്ന കാഴ്ചയോടെയാണ് മത്സരം ആരംഭിച്ചത്. ഗോവ ഡിഫന്‍ഡര്‍മാരെ മറികടന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ മുംബൈ താരം വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിയെ ലിയാന്‍ഡര്‍ ഡികുന വീഴ്ത്തി. പക്ഷേ റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഈ ഫൗളിനെ തുടര്‍ന്ന് പരിക്കേറ്റ വിഗ്നേഷിനെ മുംബൈക്ക് പിന്‍വലിക്കേണ്ടിയും വന്നു. 

തുടര്‍ന്ന് 33-ാം മിനിറ്റിലാണ് പെനാല്‍റ്റിയിലൂടെ മുംബൈയുടെ ആദ്യ ഗോള്‍ വരുന്നത്. കസ്സിയോ ഗബ്രിയേലിനെ ഗോവ താരം ഇവാന്‍ ഗോണ്‍സാലസ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈചൂണ്ടിയത്. കിക്കെടുത്ത ഇഗോള്‍ അംഗൂളോ ഗോള്‍കീപ്പര്‍ ധീരജിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. 

ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറുംമുമ്പേ 36-ാം മിനിറ്റില്‍ അംഗൂളോ തന്നെ മുംബൈയുടെ ലീഡുയര്‍ത്തി. റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ മികച്ചൊരു പാസില്‍ നിന്നായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. 

പിന്നാലെ 45-ാം മിനിറ്റില്‍ മുംബൈ മൂന്നാം ഗോളും നേടേണ്ടതായിരുന്നു. പക്ഷേ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. 

രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഗോവ, മുംബൈ ആക്രമണങ്ങളെ ചെറുത്തുനിന്നു. ഏതാനും മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും അതൊന്നും ഗോളിലെത്തിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് 76-ാം മിനിറ്റില്‍ അവര്‍ക്ക് വീണ്ടും പിഴച്ചു. പകരക്കാരനായെത്തിയ യഗോര്‍ കറ്ററ്റാവു മുംബൈയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. 73-ാം മിനിറ്റില്‍ കസ്സിയോ ഗബ്രിയേലിന് പകരം കളത്തിലിറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ തന്നെ കറ്ററ്റാവു സ്‌കോര്‍ ഷീറ്റില്‍ ഇടംനേടുകയായിരുന്നു. മുംബൈക്കായി ആദ്യമായി കളത്തിലിറങ്ങിയ താരത്തിന് തന്റെ ആദ്യ ടച്ച് തന്നെ വലയിലെത്തിക്കാനായി.

Content Highlights: isl 2021-22 mumbai city fc beat fc goa