ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍. 

ഇരു ടീമും കാര്യമായ മുന്നേറ്റങ്ങളും ഗോളവസരങ്ങളും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

36-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മികച്ച ഗോളവസരം ലഭിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ജോര്‍ജ് പെരെയ്‌ര ഡിയാസ് ബോക്‌സിലുണ്ടായിരുന്ന ഒരു ഡിഫന്‍ഡറെ മറികടന്ന് മുന്നില്‍ കയറിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു.

തുടര്‍ന്ന് 51-ാം മിനിറ്റില്‍ മത്സരത്തിലെ തന്നെ സുവര്‍ണാവസരം സഹല്‍ തുലച്ചുകളഞ്ഞു. വിന്‍സി ബാരെറ്റോയുടെ ഒരു മുന്നേറ്റമാണ് കേരളത്തിന് മികച്ച അവസരമൊരുക്കിയത്. പന്തുമായി മുന്നേറിയ വിന്‍സി ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് സഹലിന് മറിച്ചു. പന്ത് വലയിലേക്ക് ഒന്ന് വഴിതിരിച്ചുവിടേണ്ട കാര്യമേ സഹലിനുണ്ടായിരുന്നുള്ളൂ. പക്ഷേ താരത്തിന്റെ ഷോട്ട് പോയത് പുറത്തേക്ക്. 

83-ാം മിനിറ്റില്‍ നിഷു കുമാര്‍ ക്രോസ് ചെയ്ത പന്തില്‍ നിന്നുള്ള അല്‍വാരോ വാസ്‌ക്വസിന്റെ ഹെഡര്‍ രക്ഷപ്പെടുത്തി സുഭാശിശ് റോയ് നോര്‍ത്ത്ഈസ്റ്റിന്റെ രക്ഷകനായി. 

ഇന്‍ജുറി ടൈമില്‍ വാസ്വസിന്റെ ഒരു ഷോട്ട് പോസ്റ്റിനെ മുട്ടിയുരുമ്മിയാണ് പുറത്തേക്ക് പോയത്. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: isl 2021-22 kerala blasters vs northeast united live updates