തിവേഗക്കാരായ രണ്ടു വിങ്ങര്‍മാര്‍, അര്‍ധാവസരംപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയുന്ന ഒരു ക്ലിനിക്കല്‍ സ്ട്രൈക്കര്‍, കൗശലക്കാരനായ മധ്യനിരതാരം. എ.ടി.കെ. മോഹന്‍ ബഗാന്റെ ഈ നാല്‍വര്‍സംഘം സംഘടിപ്പിച്ച അതിവേഗ പ്രത്യാക്രമണങ്ങള്‍ക്ക് പ്രതിരോധപ്പൂട്ടൊരുക്കാന്‍ കഴിയാതിരുന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യകളിയില്‍ വീണുപോയത്.

കൊല്‍ക്കത്തയുടെ കരുത്തിനെ മാനിച്ച് താരതമ്യേന സുരക്ഷിതമായ 4-4-2 ശൈലിയിലാണ് വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം ബിജോയ് വര്‍ഗീസിന് അവസരംനല്‍കി. നായകന്‍ ജെസലും ഹര്‍മന്‍ജ്യോത് കാബ്രയും വിങ് ബാക്കുകളായി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജീക്സന്‍ സിങ്ങും പ്ലേമേക്കര്‍ റോളില്‍ അഡ്രിയന്‍ ലൂണയും കളിച്ചു. വിങ്ങര്‍മാരായി സഹലും രാഹുലുമിറങ്ങി. മുന്നേറ്റത്തില്‍ വിദേശസഖ്യമായ അല്‍വാരോ വാസ്‌ക്വസും യോര്‍ഗെ പെരേര കളിച്ചു.

എ.ടി.കെ. 4-3-3 ശൈലിയിലാണ് കളിച്ചത്. സ്ട്രൈക്കര്‍ റോയ് കൃഷ്ണയ്‌ക്കൊപ്പം അതിവേഗക്കാരായ മന്‍വീര്‍ സിങ്ങും ലിസ്റ്റണ്‍ കൊേളാസോയും വിങ്ങിലെത്തി. പ്ലേമേക്കര്‍ റോളില്‍ ഹ്യൂഗോ ബൗമാസ് കളിച്ചപ്പോള്‍ ഡിഫന്‍സീവ് ജോലികൂടിയുള്ള മധ്യനിരക്കാരായി ലെന്നി റോഡ്രിഗസും ജോണി കുങ്കോയുമെത്തി. കാള്‍ മക്ഹോ, ദീപക് ടാഗ്രി, പ്രീതം കോട്ടാല്‍, സുഭാശിഷ് ബോസ് എന്നിവര്‍ പ്രതിരോധത്തിലിറങ്ങി. 

റോയ് കൃഷ്ണ-ലിസ്റ്റണ്‍-മന്‍വീര്‍-ബൗമാസ് നാല്‍വര്‍സംഘത്തെ തടയാന്‍ പ്രത്യേക പ്രതിരോധതന്ത്രങ്ങളില്ലാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. മുന്നേറ്റനിരക്കാരുടെ വേഗവും ഫിനിഷിങ്ങിലെ മികവും ബൗമാസിന്റെ കൗശലങ്ങളും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുകോമാനോവിച്ചിന് പുതിയ അനുഭവമായിരിക്കാം. എന്നാല്‍, ടീമിനൊപ്പമുള്ള സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിന് അറിവുള്ളതാണ്. എന്നിട്ടും മറുതന്ത്രമൊരുക്കാനായില്ല. പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയില്‍ എതിരാളികള്‍ക്ക് ആവശ്യത്തിലേറെ സ്‌പേസ് നല്‍കിയതോടെ ആദ്യപകുതി നിരാശയുടേതായി.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍വന്ന മാറ്റം പ്രതീക്ഷനല്‍കുന്നു. എ.ടി.കെ. മുന്നേറ്റത്തിലേക്കുള്ള പന്ത് വിതരണം കൃത്യമായി തടസ്സപ്പെടുത്താനും പൊസഷന്‍ ഫുട്ബോള്‍ കളിക്കാനുമുള്ള കേരള ടീമിന്റെ തന്ത്രം വിജയകരമായി. അതിനൊപ്പം എതിരാളികള്‍ക്ക് സ്പേസ് അനുവദിക്കാതെ കളിക്കാനുമായി. മധ്യനിരയിലെ സ്പാനിഷ് താരം അഡ്രിയന്‍ ലൂണ ശോഭിച്ചതോടെ മുന്നേറ്റത്തിലേക്ക് പന്തെത്തി. ജീക്സന്‍ സിങ്ങും ഫോമിലേക്കുയര്‍ന്നു. ഇതിന്റെ ഫലമായിരുന്നു രണ്ടാം ഗോള്‍.

Content Highlights: isl 2021-22 kerala blasters defensive mistakes against atk mohan bagan