ബാംബോലിം: ഐഎസ്എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരേ ജംഷേദ്പുര്‍ എഫ്‌സിക്ക് ജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിത നേടിയ ഗോളിലാണ് ജംഷേദ്പുര്‍ ജയം പിടിച്ചത്. 

ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും അവര്‍ക്കായി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ദെഷോണ്‍ ബ്രൗണിലൂടെ നോര്‍ത്ത്ഈസ്റ്റാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മലയാളി താരം സുഹൈര്‍ വി.പിയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. 

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കേ ജംഷേദ്പുര്‍ ഒപ്പമെത്തി. ഗ്രെഗ് സ്റ്റീവാര്‍ട്ടിന്റെ ഫ്രീ കിക്കില്‍ തലവെച്ച് ജോര്‍ദാന്‍ മറെയാണ് ടീമിനെ ഒപ്പമെത്തിച്ചത്. 

തുടര്‍ന്ന് 56-ാം മിനിറ്റില്‍ ബോറിസ് സിങ്ങിലൂടെ ജംഷേദ്പുര്‍ ലീഡെടുത്തു. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ദെഷോണ്‍ ബ്രൗണ്‍ നോര്‍ത്ത്ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 

എന്നാല്‍ ഉണര്‍ന്ന് കളിച്ച ജംഷേദ്പുര്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇഷാന്‍ പണ്ഡിതയിലൂടെ ജയവുമായി മടങ്ങുകയായിരുന്നു.

Content Highlights: ISL 2021-22 Jamshedpur FC beat NorthEast United FC