ബാംബോലിം: ഐഎസ്എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഹൈദരാബാദ്.

ഒരു സെല്‍ഫ് ഗോളടക്കം ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി. 

ഒമ്പതാം മിനിറ്റില്‍ തന്നെ ജാവോ വിക്ടറിന്റെ പാസില്‍ നിന്ന് ഓഗ്ബെച്ചെയുടെ ഷോട്ട് വലയിലെത്തി. എന്നാലിത് ഹൈദരാബാദ് താരം സൈലുങ്ങിന്റെ ദേഹത്ത് തട്ടിയതിനാല്‍ സെല്‍ഫ് ഗോളായി കണക്കാക്കുകയായിരുന്നു. 

16-ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ക്രോസ് ഹൈദരാബാദ് താരം യുവാനന്റെ നെഞ്ചിലിടിച്ച് സ്വന്തം വലയില്‍ കയറിയതോടെ ഒഡിഷ സമനില പിടിച്ചു. 

എന്നാല്‍ ഓഗ്ബെച്ചെ വിടാന്‍ ഭാവമില്ലായിരുന്നു. 39-ാം മിനിറ്റില്‍ എഡു ഗാര്‍സിയ എടുത്ത കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറിലൂടെ ഓഗ്ബെച്ചെ ഹൈദരാബാദിനെ വീണ്ടും മുന്നിലെത്തിച്ചു. 

പിന്നാലെ 54-ാം മിനിറ്റില്‍ എഡു ഗാര്‍സിയയും സ്‌കോര്‍ കാര്‍ഡില്‍ ഇടംപിടിച്ചു. 60-ാം മിനിറ്റില്‍ ഓഗ്ബെച്ചെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഇത്തവണ അനികേത് യാദവിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 

72-ാം മിനിറ്റില്‍ ഹാവിയര്‍ സിവെരിയോ ഹൈദരാബാദിന്റെ ഗോള്‍ നേട്ടം അഞ്ചാക്കി. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ ഗോള്‍ പട്ടിക തികച്ചു. 

ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: isl 2021-22 Hyderabad FC thrashes Odisha FC