ബാംബോലിം: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്ക് നിരാശയുടെ ദിനം. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും പെനാല്‍റ്റി തിരിച്ചടിയായപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കാനായിരുന്നു ഹൈദരാബാദിന്റെ വിധി.

66-ാം മിനിറ്റില്‍ വ്‌ളാഗിമിര്‍ കോമാന്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ചെന്നൈയിന്‍ ഹൈദരാബാദിനെതിരേ ജയവുമായി രക്ഷപ്പെട്ടു. 65-ാം മിനിറ്റില്‍ അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശര്‍മ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

മത്സരത്തിലുടനീളം ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ മൂന്നിലേറെ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് നിരാശയായി ഫലം. 10-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരി പരിക്കേറ്റ് പുറത്ത് പോയതും തിരിച്ചടിച്ചു.

മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ഹൈദരാബാദിന് ലഭിച്ച അവസരം ഓഗ്‌ബെച്ചെ നഷ്ടമാക്കി.

28-ാം മിനിറ്റില്‍ യാസിര്‍ മുഹമ്മദ് നല്‍കിയ മനോഹരമായ പാസും താരത്തിന് മുതലാക്കാനായില്ല. ഓഗ്‌ബെച്ചെയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ 30-ാം എഡു ഗാര്‍സിയ ബോക്‌സിലേക്ക് നീട്ടിയ പന്തില്‍ ഓഗ്‌ബെച്ചെയുടെ ഹെഡര്‍ പുറത്തേക്ക് പോയി. 

ഇതിനിടെ 38-ാം മിനിറ്റില്‍ ബോക്‌സിന് മുന്നില്‍ ലഭിച്ച അവസരം  നിഖില്‍ പൂജാരിയും നഷ്ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ 47-ാം മിനിറ്റിലും ഓഗ്‌ബെച്ചെ സുര്‍ണാവസരം നഷ്ടപ്പെടുത്തി. 

എന്നാല്‍ 57-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദിന്റെ രക്ഷയ്‌ക്കെത്തി. ലാലിയന്‍സുവല ചാങ്‌തെയുടെ ഗോളെന്നുറച്ച ഷോട്ട് കട്ടിമണി തട്ടിയകറ്റുകയായിരുന്നു.

ഹൈദരാബാദ് ആക്രമണം ശക്തമാക്കിയതോടെ കാര്യമായ മുന്നേറ്റങ്ങളൊരുക്കാന്‍ ചെന്നൈയിന് സാധിച്ചില്ല. ഒരു ഭാഗ്യം പോലെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അവര്‍ വിജയവുമായി മടങ്ങുകയായിരുന്നു.

Content Highlights: isl 2021-22 hyderabad fc lost 1-0 against chennaiyin fc