മഡ്ഗാവ്: ഐഎസ്എല്ലില്‍ ജയമില്ലാതിരുന്ന തുടര്‍ച്ചയായ ഏഴു മത്സരങ്ങള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്താണ് ഏഴു മത്സരങ്ങള്‍ക്കു ശേഷം അവര്‍ ഒരു ജയം സ്വന്തമാക്കിയത്. ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബെംഗളൂരു ടീമിന്റെ തിരിച്ചുവരവ്.  നാലാം മിനിറ്റില്‍ തന്നെ മിര്‍ലന്‍ മുര്‍സയെവിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ക്ലെയ്റ്റണ്‍ സില്‍വ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. ബോക്‌സില്‍വെച്ച് ജെറിയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി. 

പിന്നാലെ 43-ാം മിനിറ്റില്‍ അലന്‍ കോസ്റ്റയിലൂടെ ബെംഗളൂരു മുന്നില്‍ കയറി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ചെന്നൈയിന്‍ സമനില പിടിച്ചു. റഹീം അലിയാണ് സ്‌കോര്‍ ചെയ്തത്.  തുടര്‍ന്ന് 70-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ വീണ്ടും മുന്നിലെത്തിയ ബെംഗളൂരു 74-ാം മിനിറ്റില്‍ പ്രതിക് ചൗധരി നേടിയ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. 

ജയത്തോടെ 9 മത്സരങ്ങളില്‍ നിന്ന് 9 പോയന്റുമായി ബെംഗളൂരു എട്ടാം സ്ഥാനത്തെത്തി. 11 പോയന്റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്.

Content Highlights: isl 2021-22 Bengaluru FC beat Chennaiyin FC