മഡ്ഗാവ്: ഐഎസ്എല്‍ പുതിയ സീസണ്‍ തുടങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്റ്റേഴ്‌സ് തന്നെ. പുതിയ പരിശീലകനും വിദേശ താരങ്ങളുമെത്തിയിട്ടും വീണിടത്ത് നിന്ന് കേരള ടീമിന് എഴുന്നേല്‍ക്കാനായില്ല. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2ന് പരാജയപ്പെടുത്തി. ബഗാനായി ഹ്യൂഗോ ബൗമസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതം കണ്ടെത്തി. സഹല്‍ അബ്ദുല്‍ സമദും ജോര്‍ജ് ഡയസും ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. 

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ലീഡെടുത്തു. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസ് ഗോള്‍ നേടി. ബൗമസിന്റെ ക്രോസ് വലയിലെത്തുന്നത് നോക്കി നില്‍ക്കാനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞുള്ളു. 

19-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച കോര്‍ണറില്‍ മലയാളി താരം ബിജോയിയുടെ ഹെഡ്ഡറില്‍ ഹാന്‍ഡ് ബോള്‍ അപ്പീല്‍ വന്നെങ്കിലും പെനാല്‍റ്റി ലഭിച്ചില്ല. 24-ാം മിനിറ്റില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബഗാനെ ഒപ്പം പിടിച്ചു. കെപി രാഹുല്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കൊടുത്ത മനോഹര പാസ് നെഞ്ചുകൊണ്ട് നിയന്ത്രിച്ച് മികച്ച ഷോട്ടോടെ സഹല്‍ അബ്ദുല്‍ സമദ് ലക്ഷ്യം കണ്ടു.

എന്നാല്‍ ഈ സമനിലയ്ക്ക് മൂന്നു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 27-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണ് ബഗാന്  വീണ്ടും ലീഡ് നല്‍കി. റോയ് കൃഷ്ണയെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. 39-ാം മിനിറ്റില്‍ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബിജോയിയെ മറികടന്ന് ബൗമസ് തൊടുത്ത ഷോട്ട് ആല്‍ബിനോയുടെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തി. മത്സരം 3-1 എന്ന നിലയിലായി. ഇതിനിടെ കെപി രാഹുല്‍ പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. 

രണ്ടാം പകുതിയിലും ബഗാന്‍ ആക്രമണം തുടര്‍ന്നു. അടുത്തത് ലിസ്റ്റണ്‍ കൊളാസോയുടെ ഊഴമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സിനെ കാഴ്ച്ചക്കാരാക്കി റോയ് കൃഷ്ണയുടെ പാസില്‍ ലിസ്റ്റണ്‍ ലക്ഷ്യം കണ്ടു. സ്കോർ 4-1. 

69-ാം മിനിറ്റില്‍ ആശ്വാസമായി ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. ലൂണയുടെ പാസില്‍ നിന്ന് ഡയസ് ലക്ഷ്യം കണ്ടു. കളി 4-2 എന്ന നിലയിലായി. പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് പരാജയഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം

Content Highlights: ISL 2021-2022 Kerala Blasters vs Mohun Bagan