മഡ്ഗാവ്‌: ഐഎസ്എല്ലില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ അട്ടിമറിച്ച് ഹൈദരാബാദ് എഫ്.സി. ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം.

മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അഹമ്മദ് ജാഹുവിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. ഹൈദരാബാദ് ബോക്‌സില്‍ നടന്ന ഒരു കൂട്ടപ്പൊരിച്ചിലിനിടെ ഓടിയെത്തിയ ജാഹു അവസരം മുതലെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. 

എന്നാല്‍ 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജാവോ വിക്ടറാണ് ടീമിന് സമനില സമ്മാനിച്ചത്. 12-ാം മിനിറ്റില്‍ ജോയല്‍ കിയാനിസെയെ ബിപിന്‍ സിങ് ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. 

തുടര്‍ന്ന് 53-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. അനികേത് ജാദവ് നല്‍കിയ ക്രോസ് ഓഗ്‌ബെച്ചെ, മുംബൈ ഡിഫന്‍ഡര്‍ മുര്‍ത്താത ഫാളിന്റെ പ്രതിരോധം മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. 

സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിക്കവെ പകരക്കാരനായെത്തിയ രോഹിത്ത് ഡാനുവിലൂടെ 82-ാം മിനിറ്റില്‍ ഹൈദരാബാദ് വിജയമുറപ്പിക്കുകയായിരുന്നു.

Content Highlights: isl 2021-2022 hyderabad fc beat mumbai city fc