മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരേ ചെന്നൈയിന്‍ എഫ്.സിക്ക് ഗോള്‍രഹിത സമനില. മത്സരത്തിലുടനീളം നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ ചെന്നൈയിന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ബോക്‌സിലേക്ക് ചെന്നൈയിന്‍ താരങ്ങളുടെ ആക്രമണമായിരുന്നു. നാലാം മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തില്‍നിന്ന് മിര്‍ലാന്‍ മുര്‍സെവ് നല്‍കിയ ക്രോസ് വ്‌ളാഡിമിര്‍ കോമാന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

10-ാം മിനിറ്റില്‍ മത്സരത്തിലെ തന്നെ മികച്ച  രക്ഷപ്പെടുത്തല്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ സുവം സെന്നില്‍ നിന്നുണ്ടായി. പോസ്റ്റിന് തൊട്ടുമുന്നില്‍നിന്നുള്ള ചാങ്‌തെയുടെ ശ്രമം സുവം സെന്‍ അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിലുടനീളം സുവം സെന്നിന്റെ സേവുകള്‍ ബംഗാള്‍ ടീമിന്റെ രക്ഷയ്‌ക്കെത്തി. 

ഇതിനിടെ 25-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങുന്നതില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കോര്‍ണറില്‍നിന്ന് പന്ത് ലഭിച്ച ലാലിയന്‍സുല ചാങ്‌തെയുടെ പാസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആമിര്‍ ഡെര്‍വിസെവിച്ചിന്റെ കാലില്‍ തട്ടി പന്ത് സൈഡ് നെറ്റില്‍ പതിക്കുകയായിരുന്നു. 

ആദ്യ പകുതിയില്‍ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കായില്ല. 

66-ാം മിനിറ്റില്‍ അനിരുദ്ധ ഥാപ്പ നല്‍കിയ പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ജെറിക്കായില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. 

ഈസ്റ്റ് ബംഗാള്‍ ഡിഫന്‍ഡര്‍മാരായ ഹിറ മൊണ്‍ഡാല്‍, ടോമിസ്ലാവ് മര്‍സെല, ജോയ്‌നര്‍ ലൊറെന്‍സോ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

Content Highlights: isl 2021-2022 chennaiyin fc held draw against sc east bengal