ബാംബോലിം: ഐഎസ്എല്ലില്‍ വീണ്ടും 4-2ന്റെ വിജയം. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനെ എടികെ മോഹന്‍ ബഗാന്‍ 4-2ന് തോല്‍പ്പിച്ചപ്പോള്‍ അതേ സ്‌കോറിന് ബെംഗളൂരു എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി. 

മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബെംഗളൂരു ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. മലയാളി താരം സുഹൈറിന്റെ പാസില്‍ ദെശോണ്‍ ബ്രൗണ്‍ ലക്ഷ്യം കണ്ടു. 

അഞ്ച് മിനിറ്റിന് ശേഷം മലയാളി താരങ്ങളിലൂടെ ബെംഗളൂരു ലീഡെടുത്തു. ഇടതു വിങ്ങില്‍ നിന്ന് ആഷിഖ് കുരുണിയന്‍ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഈ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മഷൂര്‍ ഷരീഫിന്റെ ഷോട്ട് സ്വന്തം വലയില്‍ തന്നെ എത്തി. സെല്‍ഫ് ഗോളില്‍ ബെംഗളൂരു ലീഡ് നേടി. 

പക്ഷേ തളരാതെ പൊരുതിയ നോര്‍ത്ത് ഈസ്റ്റ് 25-ാം മിനിറ്റില്‍ ഈ ഗോളിന് മറുപടി നല്‍കി. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈര്‍ നല്‍കിയ ക്രോസ് മതിയാസ് കൗറര്‍ വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി. പിന്നീട് 42-ാം മിനിറ്റില്‍ ജയേഷ് റാണ വീണ്ടും ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. 

രണ്ടാം പകുതിയില്‍ ബെംഗളൂരു നാലാം ഗോള്‍ നേടി. 82-ാം മിനിറ്റില്‍ പ്രിന്‍സ് ഇബാര ലക്ഷ്യം കണ്ടു. 

Content Highlights: ISL 2021-2022 Bengaluru FC vs NorthEast United