മഡ്ഗാവ്: ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ഡര്‍ബിയില്‍ എസ്.സി ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു എടികെയുടെ ജയം.

മത്സരം ആരംഭിച്ച് 23 മിനിറ്റിനുള്ളില്‍ തന്നെ എടികെ മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. 12-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോളടി തുടങ്ങിവെച്ചത്. മന്‍വീര്‍ സിങ് തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മന്‍വീര്‍ നല്‍കിയ മികച്ചൊരു പാസ് സ്വീകരിച്ച പ്രീതം കോട്ടാല്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് മികച്ചൊരു വോളിയിലൂടെ കൃഷ്ണ വലയിലെത്തിച്ചു. 

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുംമുമ്പ് ഈസ്റ്റ് ബംഗാള്‍ വലയില്‍ അടുത്ത ഷോട്ടുമെത്തി. 14-ാം മിനിറ്റില്‍ ജോനി കൗകോ നല്‍കിയ ഒരു ത്രൂ പാസ് സ്വീകരിച്ച മന്‍വീര്‍ സിങ്ങിന്റെ വലംകാലനടി ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ ബുള്ളറ്റുകണക്കെ വലയിലെത്തുകയായിരുന്നു. 

ഇതിനിടെ ലിസ്റ്റണ്‍ കൊളാസോയെ ജോയ്‌നര്‍ ലൊറെന്‍സോ ഫൗള്‍ ചെയ്തതിന് എടികെ താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. 

23-ാം മിനിറ്റില്‍ ലിസ്റ്റണ്‍ തന്നെ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ചു. ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന്റെ വലത് മുലയിലേക്ക് വന്ന പന്ത് പിടിക്കാനെത്തിയ അരിന്ദത്തിന് പിഴച്ചു. പന്ത് റാഞ്ചിയ ലിസ്റ്റന് അത് ഒഴിഞ്ഞ പോസ്റ്റിലേക്ക് തൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 

മൂന്നു ഗോളുകള്‍ വീണതോടെ ഈസ്റ്റ് ബംഗാള്‍ പൂര്‍ണമായും പ്രതിരോധത്തിലേക്ക് തിരിഞ്ഞു. പരിക്കേറ്റ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ 33-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്ത് പോയതും അവര്‍ക്ക് ക്ഷീണമായി. എങ്കിലും പിന്നീട് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ടീമിനായി. 

രണ്ടാം പകുതിയിലടക്കം മൂന്നിലേറെ അവസരങ്ങള്‍ പിന്നെയും എടികെയ്ക്ക് ലഭിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാന്‍ അവര്‍ക്കായില്ല.

Content Highlights: isl 2021-2022 atk mohun bagan beat sc east bengal in kolkata derby