കൊച്ചി: ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണുകളിലെ 51 കളികളില്‍ നേടിയത് ഒരു ഗോള്‍ മാത്രം. ഇത്തവണ എട്ടു കളികളില്‍ നേടിയത് നാലു ഗോള്‍. മഞ്ഞക്കുപ്പായത്തില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ കളി വേറെ ലെവലാകുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും ആവേശത്തിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ബ്ലാസ്റ്റേഴ്സ് കുതിക്കുമ്പോള്‍ അതിന് ഊര്‍ജം പകരുന്ന സഹല്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

ഫസ്റ്റ് ബെഞ്ചിലെ കുട്ടികള്‍

ബ്ലാസ്റ്റേഴ്സിന്റെ സ്പെഷ്യല്‍ ഫോഴ്സ് ടീമിലെ വിദേശ കളിക്കാരാണ്. ഒരു ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലെ കുട്ടികളെപ്പോലെയാണ് അവര്‍. ലൂണയും വാസ്‌ക്വസും സിപോവിച്ചുമൊക്കെ ഫീല്‍ഡില്‍ മാത്രമല്ല, ഹോട്ടലിലും യാത്രയിലുമൊക്കെ എന്നോടു വളരെ കമ്പനിയടിച്ചാണ് നടക്കുന്നത്. ലൂണ ഒരു എന്‍ജിന്‍പോലെ 90 മിനിറ്റും ടീമിനുവേണ്ടി കളിക്കുന്നു. ഞാന്‍ ബീസ്റ്റ് എന്നാണ് ലൂണയെ കളിയാക്കി വിളിക്കുന്നത്. കോമഡി പറയുന്നതിലും ലൂണയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ. വാസ്‌ക്വസും ഹോര്‍ഗെ ഡയസും സംസാരത്തില്‍ അല്പം പിന്നോട്ടാണ്.

കോച്ച് കളി മാറ്റിയില്ല

പുതിയ കോച്ച് വുകോമാനോവിച്ച് എന്റെ കളിയെ മാറ്റിയെന്നു പറയാനാകില്ല. എന്നാല്‍, കളിയില്‍ പലതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ കാര്യങ്ങള്‍ ഒഴിവാക്കി ഗോള്‍ സ്‌കോറിങ്ങിനു പറ്റിയ കളിയാണ് അദ്ദേഹം പറഞ്ഞുതന്നത്. ഫിനിഷിങ്ങിലെ വാശിയാണ് അദ്ദേഹം പഠിപ്പിച്ച പ്രധാന പാഠം. ഞാന്‍ ഒരിക്കലും ക്ലംപീറ്റ് പ്ലെയറല്ല. കഴിഞ്ഞ സീസണുകളില്‍ എല്ലാംകൂടി ഒരു ഗോള്‍ മാത്രം നേടിയ ഞാന്‍ ഈ സീസണില്‍ ഇതിനകം നാലു ഗോളുകള്‍ നേടിയതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ കഠിനാധ്വാനം എന്നേ മറുപടിയുള്ളൂ.

മെസ്സി, മെസ്സി മാത്രം

ലോക ഫുട്ബോളില്‍ അന്നും ഇന്നും എന്റെ ഇഷ്ടതാരം ലയണല്‍ മെസ്സിയാണ്. കുട്ടിക്കാലം മുതല്‍ മെസ്സിയുടെ കളി കണ്ടാണ് ഫുട്ബോള്‍ തട്ടാന്‍ തുടങ്ങിയത്. മെസ്സിയുടെ കളി എത്ര കണ്ടാലും മതിയാകില്ല. ബാഴ്സലോണയായിരുന്നു ഇഷ്ട ടീം. എന്നാല്‍ മെസ്സി പോയതോടെ ഇപ്പോള്‍ പി.എസ്.ജി.യുടെ കളി കാണാന്‍ തുടങ്ങി.

പുതുവര്‍ഷത്തിലെ പ്രതീക്ഷ

ആരാധകര്‍ പ്രതീക്ഷിച്ച തുടക്കമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനു കിട്ടിയിരിക്കുന്നത്. പുതുവര്‍ഷത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ തുടക്കം നിലനിര്‍ത്താനുള്ള കളി പുറത്തെടുക്കാന്‍ കഴിയണമെന്നാണ്. ലീഗിന്റെ രണ്ടാം ഘട്ടത്തില്‍ എല്ലാ ടീമുകളും വാശിയോടെയാകും തിരിച്ചുവരിക. ടഫ് ആയ മത്സരങ്ങളാണ് വരാനുള്ളത്. ശാരീരികമായും മാനസികമായും കരുത്താര്‍ജിച്ച് പുതുവര്‍ഷത്തിലെ കളികളെ സമീപിക്കാനാണ് ഞാന്‍ ഒരുങ്ങുന്നത്.


Content Highlights: Interview with Sahal Abdul Samad, Kerala Blasters FC, Indian Footballer