ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇന്‍ജുറി ടൈമില്‍ ഗോളടിച്ച് ഹൈദരാബാദ് വിജയത്തോളം വിലപ്പെട്ട സമനില സ്വന്തമാക്കി. 

മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും ജോണി കൗക്കോയും വലകുലുക്കിയപ്പോള്‍ ഹൈദരാബാദിനുവേണ്ടി ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും ഹാവിയര്‍ സിവേറിയോയും ലക്ഷ്യം കണ്ടു. 

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു.

മത്സരം തുടങ്ങിയപ്പോള്‍ തന്നെ ഗോളടിച്ച് മോഹന്‍ ബഗാന്‍ ഹൈദരാബാദിനെ ഞെട്ടിച്ചു. ആദ്യ മിനിറ്റില്‍ തന്നെ ഡേവിഡ് വില്യംസാണ് മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കണ്ണടച്ച് തുറക്കും മുന്‍പാണ് ഗോള്‍ പിറന്നത്. ആദ്യ മുന്നേറ്റത്തില്‍ തന്നെ ഹ്യൂഗോ ബൗമസ് നല്‍കിയ പാസ് സ്വീകരിച്ച വില്യംസ് ലക്ഷ്യം കണ്ടു. വില്യംസിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള ലോങ്‌റേഞ്ചര്‍ നോക്കി നില്‍ക്കാനേ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയ്ക്ക് സാധിച്ചുള്ളൂ. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. 

പക്ഷേ, ഹൈദരാബാദ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 18-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഹൈദരാബാദ് സമനില നേടി. ഇത്തവണ ഗോളടിയന്ത്രം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്. മോഹന്‍ബഗാന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതോടെ മത്സരം ആവേശത്തിലായി.

ആദ്യപകുതിയില്‍ ഇരുടീമുകളും സമനില പാലിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ സമനിലപ്പൂട്ട് പൊളിച്ചു. 64-ാം മിനിറ്റില്‍ ജോണി കൗക്കോയാണ് ടീമിനുവേണ്ടി ലക്ഷ്യംകണ്ടത്. ഡേവിഡ് വില്യംസിന്റെ അസിസ്റ്റില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കൗക്കോ വലകുലുക്കി. ഇതോടെ മോഹന്‍ബഗാന്‍ വിജയമുറപ്പിച്ചു. സമനിലഗോള്‍ നേടാനായി ഹൈദരാബാദ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 

പക്ഷേ മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഹൈദരാബാദ് സമനില ഗോള്‍ നേടി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാവിയര്‍ സിവേറിയോയാണ് ഹൈദരാബാദിനുവേണ്ടി ലക്ഷ്യം കണ്ടത്. വിജയമുറപ്പിച്ച് കളിച്ച മോഹന്‍ ബഗാന് വലിയ തിരിച്ചടിയാണ് ഈ ഗോള്‍ സമ്മാനിച്ചത്. 

Content Highlights: Hyderabad FC vs ATK Mohun Bagan ISL 2021-2022 match result