പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ജംഷേദ്പുരിനായി പീറ്റര്‍ ഹാര്‍ട്‌ലി സ്‌കോര്‍ ചെയ്തപ്പോള്‍ നെരിയസ് വാല്‍സ്‌കിസിന്റെ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന് തുണയായി. ഈ സമനിലയോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ്‌  പട്ടികയില്‍ മൂന്നാമതും ജംഷേദ്പുര്‍ നാലാമതും നില്‍ക്കുന്നു. 

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ജംഷേദ്പുരാണ്. എന്നാല്‍ ജംഷേദ്പുരിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് മത്സരത്തില്‍ ആദ്യം ഗോളടിച്ചത്. മത്സരത്തിന്റെ 18-ാം മിനിട്ടില്‍ ജംഷേദ്പുര്‍ മുന്നേറ്റതാരം നെരിയസ് വാല്‍സ്‌കിസ് അബദ്ധത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. 

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ജംഷേദ്പുര്‍ സമനില ഗോള്‍ നേടി. നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷേദ്പുരിനായി വലകുലുക്കിയത്. വാല്‍സ്‌കിസിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് ഈ പാസിലൂടെ വാല്‍സ്‌കിസ് പ്രായശ്ചിത്വം ചെയ്തു. 

രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ സൗരവ് ദാസും ജംഷേദ്പുരിന്റെ നരേന്ദര്‍ ഗെഹ്ലോട്ടും മഞ്ഞക്കാര്‍ഡ് കണ്ടു. 

Content Highlights: East Bengal vs Jamshedpur FC ISL 2021-2022