പനാജി: നവംബര്‍ 19 ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്.സിയെ യുവതാരം അനിരുദ്ധ് ഥാപ്പ നയിക്കും. സമൂഹ മാധ്യമങ്ങളിലൂടെ ചെന്നൈയിന്‍ ടീം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

നായകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഥാപ്പ പ്രതികരിച്ചു. ' നായകനായതില്‍ സന്തോഷമുണ്ട്. എന്റെ 18-ാം വയസ്സിലാണ് ഞാന്‍ ചെന്നൈയിന്‍ ടീമിലെത്തുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ ടീമിനുവേണ്ടി കളിക്കുന്നു. നായകന്‍ എന്ന നിലയില്‍ പുതിയ സീസണില്‍ ടീമിന് വിജയം നേടിക്കൊടുക്കാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ടീമിനെ ഒരുമിച്ച് നിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് എനിക്കുള്ളത്. അത് ഞാന്‍ നിര്‍വഹിക്കും. ടീമിനെ കിരീടത്തിലേക്ക് നയിക്കാനായി ശ്രമിക്കും. ഈ ചുമതല എന്നെ ഏല്‍പ്പിച്ച ചെന്നൈയിന്‍ എഫ്.സിയ്ക്ക് നന്ദി'- ഥാപ്പ പറഞ്ഞു.

'തലൈവര്‍ ഥാപ്പ' എന്ന പേരിലാണ് പുതിയ നായകനെ ചെന്നൈയിന്‍ എഫ്.സി ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ഐ.എസ്.എല്ലില്‍ രണ്ട് തവണ കിരീടം നേടിയ ടീമാണ് ചെന്നൈയിന്‍ എഫ്.സി. നവംബര്‍ 23 നാണ് ചെന്നൈയുടെ ആദ്യ ഐ.എസ്.എല്‍ മത്സരം. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയാണ് ഥാപ്പയുടെയും സംഘത്തിന്റെയും എതിരാളികള്‍. 

Content Highlights: Anirudh Thapa to lead Chennaiyin FC in upcoming season of ISL