കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണില്‍ ഇനി ഫൈനല്‍ മാത്രം ബാക്കി. ഇക്കുറി കളിയുടെയും ടീമുകളുടെയും നിലവാരം ഉയര്‍ന്നപ്പോള്‍ റഫറിയിങ്ങിലെ തകര്‍ച്ച വലിയ ചര്‍ച്ചയായി. മിക്ക ടീമുകളുടെയും പരിശീലകര്‍ റഫറിമാരെ വിമര്‍ശിച്ചു രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് ഫിഫയ്ക്കുവരെ പരാതിനല്‍കി. സെമിയില്‍പ്പോലും വിവാദതീരുമാനമുണ്ടായി. രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റിന് നല്‍കിയ പെനാല്‍ട്ടിയും ഗോവയുടെ പ്രിസ്റ്റണ്‍ റിബല്ലോയെ മാരകമായി ഫൗള്‍ചെയ്ത മുംബൈ താരം മൗര്‍റ്റാഡെ ഫാളിന് നല്‍കിയ ശിക്ഷ കുറഞ്ഞുപോയതും പിഴവുകളായി.

കാരണം

കഴിഞ്ഞ ആറുസീസണിലും മത്സരങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിച്ചത് വിദേശ റഫറിമാരായിരുന്നു. കോവിഡ് ആയതിനാല്‍ ഇക്കുറി ഇന്ത്യന്‍ റഫറിമാരാണ് എല്ലാ കളികളും നിയന്ത്രിച്ചത്. ഇവരുടെ പരിചയക്കുറവും പിഴവുകള്‍ക്ക് കാരണമായി. കോവിഡ് മൂലം റഫറിമാര്‍ ബയോ സെക്യൂര്‍ ബബിളിലായിരുന്നു. അത് കളിക്കാരിലെന്നപോലെ റഫറിമാരിലും മാനസിക സമ്മര്‍ദമുണ്ടാക്കി. ഇക്കുറി 115 മത്സരങ്ങള്‍ക്കായി ഉണ്ടായിരുന്നത് 13 റഫറിമാര്‍. ഇതില്‍ രണ്ടുപേര്‍ തുടക്കത്തിലേ ഒഴിവാക്കപ്പെട്ടു. മുന്‍ സീസണുകളില്‍ 90 കളികളില്‍ 70 എണ്ണവും വിദേശ റഫറിമാരാണ് നിയന്ത്രിച്ചത്. ഇത്തവണ നിയന്ത്രിക്കേണ്ട മത്സരങ്ങളുടെ എണ്ണം കൂടി.

പരിഹാരം

വീഡിയോ അസിസ്റ്റ് റഫറി (വാര്‍) സിസ്റ്റം ഏര്‍പ്പെടുത്തുകയാണ് പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം. വാര്‍ ഏര്‍പ്പെടുത്താന്‍ ലക്ഷങ്ങളുടെ അധിക ചെലവുവരും.

ഇന്ത്യന്‍ റഫറിമാരുടെ നിലവാരം ഉയര്‍ത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ആലോചന തുടങ്ങി. 2018-ലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഫെഡറേഷനു കീഴില്‍ 272 റഫറിമാരുണ്ട്. ഇതില്‍ 18 പേര്‍ക്കേ ഫിഫ അംഗീകൃത മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ യോഗ്യതയുള്ളൂ.

ക്യാമറകളെല്ലാം ഗ്രൗണ്ടിലേക്ക്

കാണികളില്ലാത്തതിനാല്‍ ഇത്തവണ സംപ്രേഷകരുടെ എല്ലാ ക്യാമറകളും കളിക്കളത്തിലേക്ക് ഫോക്കസ് ചെയ്തു. കളിയുടെ സൂക്ഷ്മമായ ദൃശ്യങ്ങള്‍വരെ ഇതുമൂലം കാണികളിലേക്കെത്തി. അതുകൊണ്ട് പിഴവുകള്‍ നേരിട്ട് കാണാനായി.

ഫിഫയ്ക്ക് പരാതി

നിരന്തരം പ്രതികൂല തീരുമാനങ്ങളുണ്ടായതിനാല്‍, റഫറിയിങ്ങിനെതിരേ കേരള ബ്ലാസ്റ്റേഴ്സ് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയ്ക്ക് പരാതിനല്‍കി.

ഫൗളര്‍ക്ക് വിലക്ക്

റഫറിമാരെ ചീത്തവിളിച്ച ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫൗളര്‍ക്ക് നാലു മത്സരങ്ങളില്‍ വിലക്കും അഞ്ചുലക്ഷം രൂപ പിഴയും ലഭിച്ചു.

ബക്സറുടെ പണിപോയി

റഫറിയുടെ മോശം തീരുമാനത്തെ വിമര്‍ശിക്കാന്‍ ബലാത്സംഗ പരാമര്‍ശം നടത്തിയ ഒഡിഷ എഫ്.സി. കോച്ച് സ്റ്റുവര്‍ട്ട് ബക്സറെ മാനേജ്മെന്റ് പുറത്താക്കി

തെറ്റുതിരുത്തി ഫെഡറേഷന്‍

ഈസ്റ്റ് ബംഗാള്‍ നായകന്‍ ഡാനി ഫോക്സിന് ചുവപ്പുകാര്‍ഡും ഒരു മത്സരത്തില്‍ സസ്പെന്‍ഷനും ലഭിച്ച തീരുമാനം ഫെഡറേഷന്‍ അച്ചടക്കസമിതി തിരുത്തി. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തിരുത്തിയത്.

Content Highlights: poor refereeing in ISL 2020-21