ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയ്ക്ക് കൂറ്റന്‍ ജയം. ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിയെയാണ് മുംബൈ പരാജയപ്പെടുത്തിയത്. 

മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ് ഹാട്രിക്ക് നേടിയപ്പോള്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു ഗോള്‍ സായ് ഗൊദാര്‍ഡ് നേടി. ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടി. ഈ സീസണിലെ ആദ്യ ഹാട്രിക്ക് നേടിക്കൊണ്ട് ബിപിന്‍ സിങ് മത്സരത്തിലെ താരമായി.

ഈ വിജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. ഒഡിഷ അവസാന സ്ഥാനത്തും തുടരുന്നു. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ തന്നെയാണ് വിജയിച്ചത്. 

മുംബൈ എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് ഒഡിഷയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഒന്‍പതാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ഡീഗോ മൗറീഷ്യോ ഒഡിഷയെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് അഹമ്മദ് ജാഹു ജെറിയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. മൗറീഷ്യോ അത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ ഒഡിഷയുടെ ആഹ്ലാദത്തിന് വെറും അഞ്ചുമിനിട്ട് മാത്രമേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. 14-ാം മിനിട്ടില്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയിലൂടെ മുംബൈ സമനില ഗോള്‍ നേടി. ജാഹുവിന്റെ പാസില്‍ നിന്നും ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. 

പിന്നീട് 38-ാം മിനിട്ടില്‍ മുംബൈ രണ്ടാം ഗോള്‍ നേടി ലീഡെടുത്തു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 43-ാം മിനിട്ടില്‍ ഒഗ്ബച്ചേ മത്സരത്തിലെ രണ്ടാം ഗോള്‍ സ്വന്തമാക്കി.

ഇത്തവണയും ജാഹുവിന്റെ പാസ്സില്‍ നിന്നാണ് ഒഗ്‌ബെച്ചെ ഗോള്‍ നേടിയത്. ജാഹുവിന്റെ ഫ്രീകിക്ക് സ്വീകരിച്ച ഒഗ്‌ബെച്ചെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു അത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ സായ് ഗൊദാര്‍ഡ് മുംബൈയ്ക്കായി നാലാം ഗോള്‍ നേടി. ബിപിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ ഒഡിഷ താരം കമല്‍പ്രീത് വരുത്തിയ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. കമലിന്റെ കാലില്‍ നിന്നും പന്ത് നേരെ ഗൊദാര്‍ഡിന്റെ അടുത്തേക്കാണ് വന്നത്. അദ്ദേഹത്തിന്റെ ഇടംകാല്‍ ഷോട്ട് വലതുളച്ചുകയറി. ഇതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 4-1 എന്ന നിലയിലായി. 

രണ്ടാം പകുതി തുടങ്ങിയ ഉടന്‍ 47-ാം മിനിട്ടില്‍ ബിപിന്‍ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി മുംബൈയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചു. ഒഗ്‌ബെച്ചെയുടെ പാസ്സ് സ്വീകരിച്ച ബിപിന്‍ പന്ത് മികച്ച ഒരു ഷോട്ടിലൂടെ വലയിലെത്തിച്ചു. ഇതോടെ ഒഡിഷ തകര്‍ന്നു. സ്‌കോര്‍ 5-1 എന്ന നിലയിലാകുകയും ചെയ്തു. 

ഒടുവില്‍ 86-ാം മിനിട്ടില്‍ ബിപിന്‍ മത്സരത്തിലെ മൂന്നാം ഗോള്‍ കണ്ടെത്തി ഹാട്രിക്ക് തികച്ചു. ഈ സീസണില്‍ ആദ്യമായാണ് ഒരു താരം ഹാട്രിക്ക് നേടുന്നത്. ഇതോടെ ഒഡിഷ തകര്‍ന്നു. ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ ഒഡിഷ മുംബൈയ്ക്ക് മുന്നില്‍ കീഴടങ്ങി.

 

Content Highlights: Mumbai FC vs Odisha FC ISL 2020-2021