ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡിഷ എഫ്.സി മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി പിരിഞ്ഞു. 

ബ്ലാസ്റ്റേഴ്‌സിനായി ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറെയും ഗോള്‍ നേടിയപ്പോള്‍ ഒഡിഷയ്ക്കായി ഇരട്ട ഗോളുകള്‍ നേടി ഡീഗോ മൗറീഷ്യോ തിളങ്ങി. മൗറീഷ്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതാം സ്ഥാനത്തെത്തിയപ്പോള്‍ ഒഡിഷ പതിനൊന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ഈ സമനിലയോട ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യകള്‍ മങ്ങി. ഈ സീസണിലെ ഏഴാം സമനിലയാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. 

ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് ഒഡിഷ മത്സരം വിജയിച്ചിരുന്നു. 

മത്സരം തുടങ്ങി ആദ്യ പത്തുമിനിട്ടിനുള്ളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനും ഒഡിഷയ്ക്കും സാധിച്ചില്ല. എങ്കിലും കേരളമാണ് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. മലയാളി താരങ്ങളായ രാഹുലും സഹലും ആദ്യ ഇലവനില്‍ ഇടം നേടി.

മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് മധ്യനിര കാഴ്ചവെച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. 27-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം സന്ദീപ് സിങ്ങിന് ഫൗള്‍ ചെയ്തതിന്റെ പേരില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

29-ാം മിനിട്ടില്‍ ഒഡിഷയുടെ ഡീഗോ മൗറീഷ്യോയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ പന്ത് തകര്‍പ്പന്‍ ഡൈവിലൂടെ കൈയ്യിലൊതുക്കി ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് താരമായി. 

31-ാം മിനിട്ടില്‍ പ്രതിരോധതാരങ്ങളെ വെട്ടിച്ച് ബോക്‌സിനകത്തേക്ക് കയറിയ സഹല്‍ ഹൂപ്പറിന് മികച്ച പാസ്സ് നല്‍കി. പന്ത് സ്വീകരിച്ച ഹൂപ്പര്‍ നന്നായി തന്നെ പന്തിനെ പോസ്റ്റിലേക്കടിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. 

തൊട്ടുപിന്നാലെ ഒഡിഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപിന്റെ പിഴവില്‍ നിന്നും പന്ത് കണ്ടെത്തിയ ഹൂപ്പര്‍ യുവാന്‍ഡെയ്ക്ക് മികച്ച പാസ് നല്‍കി. ഓപ്പണ്‍ ചാന്‍സായിരുന്നിട്ടും യുവാന്‍ഡെയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അതിനുശേഷം ഹൂപ്പര്‍ മികച്ച ഒരു ഹെഡ്ഡര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും ഗോള്‍ ലൈനില്‍ നിന്നും ഒഡിഷ പ്രതിരോധതാരം രാകേഷ് പ്രധാന്‍ അത് രക്ഷപ്പെടുത്തി. 

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം ഭേദിച്ചുകൊണ്ട് ഒഡിഷ ലീഡെടുത്തു. സൂപ്പര്‍താരം ഡീഗോ മൗറീഷ്യോയാണ് ടീമിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ചുകൊണ്ട് മൗറീഷ്യോ ഗോള്‍ നേടി. ജെറി നൽകിയ പാസ്സിൽ നിന്നാണ് ​ഗോൾ പിറന്നത്. രണ്ട് താരങ്ങള്‍ പ്രതിരോധിക്കാനുണ്ടായിട്ടും അവരെ കബിളിപ്പിച്ചാണ് മൗറിഷ്യോ ഗോള്‍ നേടിയത്. താരം ഈ സീസണില്‍ നേടുന്ന എട്ടാം ഗോളാണിത്. ഇതോടെ ആദ്യ പകുതിയും അവസാനിച്ചു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് കളം നിറഞ്ഞ് കളിച്ചത്. അതിനുള്ള ഫലം 52-ാം മിനിട്ടിലൂടെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ജോര്‍ദാന്‍ മുറെയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ നേടി. ഹൂപ്പര്‍-മുറെ കോമ്പിനേഷനിലൂടെയാണ് ഗോള്‍ പിറന്നത്.

പന്തുമായി മുന്നേറിയ ഹൂപ്പര്‍ ഗോള്‍കീപ്പറെ കബിളിപ്പിച്ച് മികച്ച ക്രോസ് നല്‍കി. ക്രോസ് സ്വീകരിക്കാന്‍ കുതിച്ചെത്തിയ മുറെ കൃത്യമായി പന്ത് വലയിലെത്തിച്ച് ടീമിന് സമനില ഗോള്‍ സമ്മാനിച്ചു. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. മുറെ ഈ സീസണില്‍ നേടുന്ന എഴാം ഗോളാണിത്. ഹൂപ്പര്‍ നല്‍കിയ നാലാം അസിസ്റ്റുമാണിത്. 

തൊട്ടുപിന്നാലെ 68-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഒഡിഷയ്‌ക്കെതിരേ രണ്ടാം ഗോള്‍ നേടി ലീഡെടുത്തു. ഇത്തവണ ഗാരി ഹൂപ്പറാണ് ടീമിനായി ഗോള്‍ നേടിയത്. സഹല്‍-ഹൂപ്പര്‍ സഖ്യത്തിന്റെ തകര്‍പ്പന്‍ പ്രകടനമികവിന്റെ ഫലമായി ഗോള്‍ പിറന്നു. പന്തുമായി ബോക്‌സിനകത്തേക്ക് കയറിയ സഹല്‍ മികച്ച പാസ്സിലൂടെ പന്ത് ഹൂപ്പറിന് കൈമാറി. ഹൂപ്പര്‍ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. താരം ഈ സീസണില്‍ നേടുന്ന നാലാം ഗോളാണിത്. 

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. 74-ാം മിനിട്ടില്‍ ഒഡിഷ സമനില ഗോള്‍ നേടി. ഇത്തവണയും ഡീഗോ മൗറീഷ്യോയാണ് ടീമിന്റെ രക്ഷകനായത്. ഇന്‍മാന്‍ നല്‍കിയ ക്രോസ് കൃത്യമായി വലയിലെത്തിച്ച് മൗറീഷ്യോ ഒഡിഷയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. താരം ഈ സീസണില്‍ നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. 

ഗോള്‍ വീണതോടെ മത്സരം ആവേശക്കൊടുമുടിയിലായി. ഇരുടീമുകളും ആക്രമണങ്ങളുമായി കളം നിറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിനായി മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സഹല്‍-ഹൂപ്പര്‍-മുറെ സഖ്യം മികച്ച ഒത്തിണക്കത്തോടെ കളിച്ചു. മറുവശത്ത് മൗറീഷ്യോ ഒറ്റയ്ക്കാണ് ഒഡിഷയെ നയിച്ചത്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Kerala Blasters vs Odisha FC ISL 2020-2021