ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തരായ എഫ്.സി ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഗോവയ്ക്കായി ഓര്‍ഗെ ഓര്‍ട്ടിസും ബ്ലാസ്‌റ്റേഴ്‌സിനായി കെ.പി.രാഹുലും സ്‌കോര്‍ ചെയ്തു.

ഈ സമനിലയോടെ പോയന്റ് പട്ടികയില്‍ എഴാം സ്ഥാനത്തേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ഗോവ തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ നാലുമത്സരങ്ങളില്‍ തോല്‍ക്കാതെ മത്സരം പൂര്‍ത്തിയാക്കി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

65-ാം മിനിട്ടില്‍ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാനായില്ല. മികച്ച പ്രതിരോധം പുറത്തെടുത്ത ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ നന്നായി തന്നെ നേരിട്ടു.

നാലാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സാണ് മത്സരത്തിലെ ആദ്യ ഗോളവസരം സൃഷ്ടിച്ചത്. ഗോവന്‍ ഗോള്‍കീപ്പര്‍ നവീന്‍ കുമാറും പ്രതിരോധതാരം ഡൊണാച്ചിയും തമ്മിലുണ്ടായ ചെറിയൊരു പിഴവില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റതാരം ഹൂപ്പറിന് ഒരു ഓപ്പണ്‍ ചാന്‍സ് ലഭിച്ചു. എന്നാല്‍ പന്ത് വലയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പിന്നാലെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോവ തകര്‍പ്പന്‍ കളി പുറത്തെടുത്തു. ഗോവയുടെ ഓര്‍ഗെ ഓര്‍ട്ടിസ് ഒരു മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബ്ലാസ്റ്റേഴ്‌സ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 

നിരവധി പാസിങ് പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തി. ഇതുമൂലം ഗോവന്‍ ബോക്‌സിനകത്തേക്ക് കൃത്യമായി പന്തെത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. മറെയുടെ വിടവ് ഇന്നത്തെ മത്സരത്തില്‍ പ്രകടമായിരുന്നു. ഹൂപ്പറിന് ആദ്യ പകുതിയില്‍ വേണ്ടത്ര മികവ് തെളിയിക്കാനും സാധിച്ചില്ല.

21-ാം മിനിട്ടില്‍ സെന്റര്‍ ബാക്ക് ജെയിംസ് ഡോണച്ചി പരിക്കേറ്റ് പുറത്തായതോടെ ഗോവയുടെ പ്രതിരോധത്തിന് വിള്ളല്‍ വന്നു. പക്ഷേ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് 25-ാം മിനിട്ടില്‍ ഗോവ ഗോള്‍ നേടി മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 

സൂപ്പര്‍ താരം ഓര്‍ഗെ ഓര്‍ട്ടിസ് നേടിയ ഗോളിലൂടെയാണ് ഗോവ ലീഡെടുത്തത്. ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഓര്‍ട്ടിസിനെ ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ് ഫൗള്‍ ചെയ്തതിന്റെ ഫലമായി ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്നും ഓര്‍ട്ടിസ് തന്നെ കിക്കെടുത്തു. 

താരത്തിന്റെ മഴവില്‍ ഫ്രീകിക്ക് ഉയര്‍ന്നുപൊന്തി ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പറന്നിറങ്ങി. താരം ഈ സീസണില്‍ നേടുന്ന അഞ്ചാം ഗോളാണിത്. സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവും ഗോളിന് കാരണമായി.

40-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബക്കാരി കോനെ ഗോള്‍ നേടിയെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിളിച്ച് അത് അസാധുവാക്കി. 

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. അതിനുള്ള ഫലവും ടീമിന് ലഭിച്ചു. 57-ാം മിനിട്ടില്‍ മഞ്ഞപ്പട സമനില ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ.പി.രാഹുലാണ് ടീമിനായി ഗോള്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഗോള്‍ നേടി രാഹുല്‍ ടീമിന്റെ രക്ഷകനായി. 

കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഫക്കുണ്ടോ പെരേര എടുത്ത അതിമനോഹരമായ കോര്‍ണര്‍ കിക്ക് ഗോവന്‍ ബോക്‌സിനകത്തേക്ക് ഉയര്‍ന്നുപൊങ്ങി. പന്ത് ലക്ഷ്യമാക്കി ഗോവന്‍ പ്രതിരോധതാരങ്ങളെ മറികടന്ന് വായുവിലേക്ക് ഉയര്‍ന്നുപൊന്തിയ രാഹുല്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോവന്‍ വല ചലിപ്പിച്ചു. ഇതോടെ കളി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു.

65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ പത്തുപേരായി ചുരുങ്ങി. എന്നിട്ടും ആ അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. 

85-ാം മിനിട്ടില്‍ ഹൂപ്പറിന് ഓപ്പണ്‍ ബോക്‌സിലേക്ക് ഒരു സുവര്‍ണാവസരം ലഭിച്ചു. എന്നിട്ടും അത് കൃത്യമായി ഗോളാക്കി മാറ്റാതെ അദ്ദേഹം പാസ് നല്‍കി അവസരം നശിച്ചിപ്പു. ഉറപ്പായും ഗോള്‍ നേടേണ്ട അവസരമായിരുന്നു അത്. പിന്നീട് മികച്ച കളി പുറത്തെടുക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Kerala Blasters vs FC Goa ISL 2020-2021