പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ പകുതി പിന്നിടുമ്പോള്‍ രണ്ട്  താരങ്ങളെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ നായകന്‍ സിഡോയ്ക്ക് പകരം സ്പാനിഷ് താരം യുവാന്‍ഡെയും ഇന്ത്യന്‍ യുവതാരം ശുഭ ഘോഷിനെയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെടുത്തിരിക്കുന്നത്.

സ്പാനിഷ് താരമായ യുവാന്‍ഡെ ഓസ്‌ട്രേലിയന്‍ എ.ലീഗ് ടീമായ പെര്‍ത്ത് ഗ്ലോറിയില്‍ നിന്നാണ്  ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 2018 മുതല്‍ പെര്‍ത്ത് ഗ്ലോറിയ്ക്കായി കളിച്ചുവരുന്ന യുവാന്‍ഡെ 43 മത്സരങ്ങളില്‍ നിന്നും ടീമിനായി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. 2007-ല്‍ സ്‌പെയിന്‍ അണ്ടര്‍ 21 ടീമിലും അംഗമായിരുന്നു. സിഡോയുടെ സ്ഥാനത്ത് ഇനിമുതല്‍ യുവാന്‍ഡെ കളിക്കും. 

എ.ടി.കെ മോഹന്‍ ബഗാനില്‍ നിന്നാണ് മുന്നേറ്റതാരമായ ശുഭ ഘോഷിനെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഘോഷ് ഐ ലീഗില്‍ മോഹന്‍ ബഗാന് വേണ്ടി രണ്ടു മത്സരങ്ങളില്‍ നിന്നും മൂന്നുഗോളുകള്‍ നേടിയിട്ടുണ്ട്. ശുഭം ഘോഷിനെ മൂന്നുവര്‍ഷത്തേക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. ഘോഷിന് പകരം മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരമായ നോങ്ഡാംബ നയോറത്തെ എ.ടി.കെ മോഹന്‍ ബഗാന് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കി. 

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏഴുമത്സരങ്ങളില്‍ നിന്നും ആറുപോയന്റുകളുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.  

Content Highlights: Kerala Blasters signs Juande as Cidoncha replacement