കൊച്ചി: പുതുവര്‍ഷ സമ്മാനംപോലെ ഹൈദരാബാദിനെതിരേ രണ്ടു ഗോളിന്റെ മനോഹരമായ ജയം. ഐ.എസ്.എല്‍. ഫുട്ബോള്‍ ഏഴാം സീസണില്‍ ആദ്യവിജയത്തിന്റെ ആഹ്ലാദത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീം തിരിച്ചുവരുമ്പോള്‍ ബുര്‍ക്കിനഫാസോ താരം ബക്കാരി കോനെയും പ്രതീക്ഷയിലാണ്. ഫ്രഞ്ച് ലീഗില്‍ ലിയോണിന് കളിച്ചിട്ടുള്ള കോനെ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

ഐ.എസ്.എല്‍. ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന വിജയത്തെപ്പറ്റി എന്തു പറയുന്നു

ഹൈദരാബാദിനെതിരായ ജയം ടീമിന് പോസിറ്റീവ് എനര്‍ജി സമ്മാനിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ചത് ഈ മത്സരമാണെന്ന് ഞാന്‍ കരുതുന്നില്ല. പുതുവര്‍ഷത്തിലെ അടുത്ത കളികളെല്ലാം നിര്‍ണായകമാണ്. അതിനായാണ് കാത്തിരിക്കുന്നത്.

ഐ.എസ്.എലിലെ താങ്കളുടെ ആദ്യ സീസണിനെപ്പറ്റി

ടീം ചാമ്പ്യന്‍മാരാകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഏറക്കുറെ പുതിയ ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരിക്കുന്നത്. അവര്‍ സെറ്റായിവരുമ്പോള്‍ ടീം ഇനിയും മെച്ചപ്പെടുമെന്ന് കരുതുന്നു.

കോസ്റ്റയും താങ്കളും ചേരുന്ന പ്രതിരോധനിരയെ എങ്ങനെ വിലയിരുത്തുന്നു

കോസ്റ്റ പ്രതിഭാധനനും അധ്വാനിയുമാണ്. ബ്ലാസ്റ്റേഴ്സിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് കോസ്റ്റ. അദ്ദേഹവുമൊത്ത് കളിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടാണ്. ഞങ്ങള്‍ രണ്ടാള്‍ മാത്രമല്ല, ടീം ഒറ്റക്കെട്ടാണെന്നതാണ് പ്രധാനം.

താങ്കളുടെ ഇഷ്ടതാരവും ടീമുകളും

ഇഷ്ടതാരം ലയണല്‍ മെസ്സി. ഇഷ്ട ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. എന്റെ രാജ്യമായ ബുര്‍ക്കിനഫാസോ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രിയപ്പെട്ട ടീം ഫ്രാന്‍സാണ്. 2013-ലെ ആഫ്രിക്കന്‍ കപ്പിന്റെ ഫൈനലില്‍ ബുര്‍ക്കിനഫാസോയ്ക്കുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ഹോബിയും ഇഷ്ടഭക്ഷണവും

നെറ്റ്ഫ്ളിക്സ് കണ്ടിരിക്കലാണ് പ്രധാന ഹോബി. സാല്‍മണ്‍ ഫിഷ് വളരെയിഷ്ടമാണ്. എത്ര കഴിച്ചാലും മതിവരില്ല. പക്ഷേ, ഇതിനേക്കാളൊക്കെ സ്പോര്‍ട്സാണ് എന്റെ ജീവിതം. സ്പോര്‍ട്സ് ഇല്ലാതെ എനിക്കു രണ്ടു ദിവസത്തിലേറെ ജീവിക്കാനാകില്ല.

Content Highlights: kerala blasters player bakary kone interview