ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷേദ്പുര്‍ എഫ്.സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിനെ ഇന്ന് ഭാഗ്യം തുണച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
ഗോളെന്നുറച്ച അഞ്ചോളം ബ്ലാസ്‌റ്റേഴ്‌സ് കിക്കുകളാണ് ജംഷേദ്പുരിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചത്. അതിനുപുറമേ പത്തിലധികം ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല
ഭാഗ്യം കടാക്ഷിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് ഏഴുഗോളുകള്‍ക്കെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയിച്ചേനേ. ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ജംഷേദ്പുര്‍ ഏഴാം സ്ഥാനത്തേക്കും കയറി. ഈ മത്സരമടക്കം കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ തോല്‍ക്കാതെ ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ് തുടര്‍ന്നു.
ബ്ലാസ്റ്റേഴ്‌സിനായി മുന്നേറ്റനിരയില്‍ സഹല്‍-മറെ-ഹൂപ്പര്‍ സഖ്യം ലോകോത്തര നിലവാരമുള്ള കളിയാണ് പുറത്തെടുത്തത്. ഇവര്‍ നിരന്തരം ജംഷേദ്പുര്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. പക്ഷേ ഗോള്‍ മാത്രം നേടാനായില്ല. കളിയിലുടനീളം മികച്ച പ്രകടനം തന്നെയാണ് മഞ്ഞപ്പട പുറത്തെടുത്തത്.
മത്സരം തുടങ്ങിയപ്പോള്‍ ജംഷേദ്പുരാണ് ആദ്യം ആക്രമിച്ച് കളിച്ചത്. ആദ്യ മിനിട്ടുകളില്‍ ചില അവസരങ്ങള്‍ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. ഏഴാം മിനിട്ടില്‍ ജംഷേദ്പുരിന്റെ മുന്നേറ്റതാരം നെരിയസ് വാല്‍സ്‌കിസിന്റെ ഉഗ്രന്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്‌കിസ് പന്ത് പിടിച്ചെടുത്തത്.
ആദ്യ 15 മിനിട്ടുകളില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെ അസാനിധ്യം കളിയില്‍ പ്രകടമായിരുന്നു. നിരവധി പാസ്സിങ് പിഴവുകളും ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ വരുത്തി.
29-ാം മിനിട്ടില്‍ രോഹിത് കുമാറിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായി പോസ്റ്റിലേക്ക് ഒരു ഷോട്ടുതിര്‍ത്തത്. ദുര്‍ബലമായ താരത്തിന്റെ കിക്ക് ജംഷേദ്പുര്‍ ഗോള്‍കീപ്പറും മലയാളിയുമായ രഹനേഷ് കൈയ്യിലൊതുക്കി. അതിനുശേഷം ബ്ലാസ്റ്റേഴ്‌സും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. 35-ാം മിനിട്ടില്‍ ഹൂപ്പര്‍ ജംഷേദ്പുര്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
42-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൂപ്പറെടുത്ത തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ജംഷേദ്പുര്‍ ക്രോസ്ബാറിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ മറെയെടുത്ത ഹെഡ്ഡറും പോസ്റ്റിലിടിച്ച് തെറിച്ചു. പോസ്റ്റിലിടിച്ച പന്ത് പോസ്റ്റിനുള്ളിലാണ് വീണത്. എന്നിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുറപ്പായി. 43-ാം മിനിട്ടില്‍ മറെ വീണ്ടും ബോക്‌സിനകത്ത് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് തന്നെയാണ് കളിച്ചത്. 52-ാം മിനിട്ടില്‍ മറെയുടെ ഉഗ്രന്‍ കിക്ക് ജംഷേദ്പുര്‍ ബോക്‌സിന് മുകളിലൂടെ പറന്നു.
66-ാം മിനിട്ടില്‍ മറെ വീണ്ടും ഒരു അവസരം സൃഷ്ടിച്ചു. വളരെ മികച്ച ഒരു ഹെഡ്ഡറിലൂടെ വല ചലിപ്പിക്കാന്‍ താരം ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 72-ാം മിനിട്ടിലും മറെയുടെ ഹെഡ്ഡര്‍ പോസ്റ്റിനെ ചുംബിച്ചുകൊണ്ട് കടന്നുപോയി.
മറെയും ഹൂപ്പറും തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ഭാഗ്യം കേരളത്തെ കടാക്ഷിച്ചില്ല. അവസാനം ചില മാറ്റങ്ങള്‍ വരുത്തിയിട്ടും കേരളത്തിനായി സ്‌കോര്‍ ചെയ്യാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: Kerala Blasters FC vs Jamshedpur FC ISL 2020-2021