പനാജി: തുല്യശക്തികളുടെ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ തകര്‍പ്പന്‍ കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. പക്ഷേ ഗോള്‍ നേടാന്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിട്ടുനിന്നത്.
ഇതോടെ ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു സമനിലകളും ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. പെനാല്‍ട്ടി സേവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സിന്റെ താരമായി മാറിയ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മലയാളി താരങ്ങളില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ആരംഭിച്ചത്. ആദ്യ മിനിട്ടുകളില്‍ തന്നെ ചെന്നൈ ആക്രമണം അഴിച്ചുവിട്ടു. ചാങ്‌തെയും ഥാപ്പയും ഇസ്മയുമെല്ലാം മികച്ച കളി പുറത്തെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിയര്‍ത്തു.
17-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് വലിയൊരു പിഴവ് നടത്തിയെങ്കിലും സെന്റര്‍ബാക്ക് ബക്കാരി കോനെ അത്ഭുതകരമായി അതില്‍ നിന്നും ടീമിനെ രക്ഷിച്ചു. ചെന്നൈയിനെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് മൂര്‍ച്ച കുറവായിരുന്നു.
എന്നാല്‍ 20-ാം മിനിട്ടിനുശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ഇതോടെ ചെന്നൈ വിയര്‍ത്തു. 21-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നയോറത്തിന് ഒരു ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിന് സധിച്ചില്ല. 25-ാം മിനി്ട്ടില്‍ ചെന്നൈയിന്‍ വല ചലിപ്പിച്ചെങ്കിലും അത് റഫറി ഓഫ് സൈഡ് വിളിച്ചു.
28-ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രോഹിത് കുമാര്‍ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ചെന്നൈ ഗോള്‍കീപ്പര്‍ വിശാല്‍ അത് കഷ്ടപ്പെട്ട് തട്ടിമാറ്റി. ആദ്യ പകുതിയുടെ തുടക്കത്തില്‍ ചെന്നൈയാണ് നന്നായി കളിച്ചതെങ്കില്‍ പതിയെ മത്സരത്തിന്റെ കടിഞ്ഞാണ്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൈയ്യിലായി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ മലയാളി താരം രാഹുല്‍ പകരക്കാരനായി എത്തി. ചെന്നൈ വല രാഹുല്‍ കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ചെന്നൈയിനും ആക്രമിച്ചുകളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. പിന്നാലെ മറ്റൊരു മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങി.
65-ാം മിനിട്ടില്‍ ചെന്നൈയുടെ അനിരുദ്ധ് ഥാപ്പ എടുത്ത ഫ്രീകിക്ക് അതിമനോഹരമായി കേരള ഗോള്‍കീപ്പര്‍ ആല്‍ബിനോ തട്ടിയകറ്റി.
73-ാം മിനിട്ടില്‍ അനാവശ്യമായി പെനാല്‍ട്ടി ബോക്‌സില്‍ ഒരു ഫൗള്‍ നടത്തിയതിന് ബ്ലാസ്‌റ്റേഴ്‌സ് സിഡോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റഫറി പെനാല്‍ട്ടിയും വിധിച്ചു. ചെന്നൈയ്ക്കായി കിക്കെടുത്തത് യാക്കൂബ് സില്‍വസ്റ്ററായിരുന്നു. എന്നാല്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ തകര്‍പ്പന്‍ സേവുമായി രക്ഷകനായി. ചെന്നൈയ്ക്ക് മുന്നില്‍ കയറാനുള്ള അവസരം മുതലാക്കാനുമായില്ല.
ഇന്‍ജുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സിഡോ പരിക്കേറ്റ് പുറത്തുപോയി. പിന്നീടുള്ള അഞ്ചുമിനിട്ടില്‍ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: Kerala Blasters eye firstt win against Chennain FC