പനാജി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്മാരെ പ്രഖ്യാപിച്ചു. ഇത്തവണ മൂന്ന് നായകന്മാരാണ് ടീമിനുള്ളത്. രണ്ട് വിദേശികളും ഒരു ഇന്ത്യന്‍ താരവുമാണ് നായകന്മാരാകുന്നത്

സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് മഞ്ഞപ്പടയെ നയിക്കുന്നത്. 

പുതിയ പരിശീലകന്‍ കിബുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ ടീം എ.ടി.കെ മോഹന്‍ ബഗാനെ നേരിടും.

4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്‌സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്. 4-2-3-1, 4-1-4-1, 4-1-3-2,3-4-3 ശൈലികളിലും ടീമിനെ ഇറക്കാറുണ്ട്. ഇത്തവണ സൂപ്പര്‍താരങ്ങളെക്കാള്‍ സ്വന്തം കൈയ്യില്‍ നില്‍ക്കുന്ന ടീമിനെയാണ് കിബു താല്‍പ്പര്യപ്പെട്ടത്. സന്ദേശ് ജിംഗാനേയും ബര്‍ത്തലോമ്യു ഒഗ്‌ബെച്ചയേയും എന്തുവിലകൊടുത്തും നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറാകാതിരുന്നതും സിഡോഞ്ചയെ നിലനിര്‍ത്തിയതും വ്യക്തികളെക്കാള്‍ ടീമാണ് പ്രധാനമെന്ന സന്ദേശത്തിന്റെ ഭാഗമായാണ്.

Content Highlights: Kerala blasters announces captains for ISL