വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. ജംഷേദ്പുരിന്റെ അവസാന ലീഗ് മത്സരത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബെംഗളൂരുവിനെ കീഴടക്കിയത്. ജംഷേദ്പുരിനായി സ്റ്റീഫന്‍ എസ്സെ, സെയ്മിന്‍ലെന്‍ ദുംഗല്‍, ഡേവിഡ് ഗ്രാന്‍ഡെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബെംഗളൂരുവിനായി ഫ്രാന്‍ ഗോണ്‍സാലസ്, സുനില്‍ ഛേത്രി എന്നിവര്‍ വല ചലിപ്പിച്ചു.

ഈ വിജയത്തോടെ ജംഷേദ്പുര്‍ ആറാം സ്ഥാനത്തെത്തിയപ്പോള്‍ ബെംഗളൂരു ഏഴാം സ്ഥാനത്തേക്ക് വീണു. ഇരുടീമുകള്‍ക്കും പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലം കൂടി അറിയേണ്ടി വരും. 

15-ാം മിനിട്ടില്‍ സ്റ്റീഫന്‍ എസ്സെയാണ് ജംഷേദ്പുരിനായി ആദ്യ ഗോള്‍ നേടിയത്. ഐടര്‍ മണ്‍റോയിയുടെ പാസ്സ് സ്വീകരിച്ച് എസ്സെ കൃത്യമായി പന്ത് വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു വിയര്‍ത്തു. ഗോള്‍ നേടിയിട്ടും ആക്രമിച്ച് കളിക്കാനാണ് ജംഷേദ്പുര്‍ ശ്രമിച്ചത്.

അതിന്റെ ഭാഗമായി 33-ാം മിനിട്ടില്‍ ടീം രണ്ടാം ഗോള്‍ നേടി. ഇത്തവണ സെയ്മിന്‍ലെന്‍ ദുംഗലാണ് സ്‌കോര്‍ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച ദുംഗല്‍ വലംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ മറികടന്നുകൊണ്ട് വലയിലെത്തി. ഇതോടെ സ്‌കോര്‍ 2-0 എന്ന നിലയിലായി. 

ഏഴുമിനിട്ടുകള്‍ക്ക് ശേഷം 40-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് ജംഷേദ്പുര്‍ മൂന്നാം ഗോള്‍ നേടി. ഇത്തവണ ഡേവിഡ് ഗ്രാന്‍ഡെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ഇത്തവണയും മണ്‍റോയിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മണ്‍റോയിയുടെ ക്രോസ് സ്വീകരിച്ച ഗ്രാന്‍ഡെ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു തകര്‍ന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജംഷേദ്പുര്‍ 3-0 എന്ന സ്‌കോറിന് മുന്നിലെത്തി.

എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു ബെംഗളൂരുവിനെയാണ് കളിക്കളത്തില്‍ കണ്ടത്. ആക്രമിച്ച് കളിച്ച് ബെംഗളൂരു കളം നിറഞ്ഞതോടെ ജംഷേദ്പുര്‍ അപകടം മണത്തു. 61-ാം മിനിട്ടില്‍ ഫ്രാന്‍ ഗോണ്‍സാലസിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. പരാഗ് ശ്രീവാസിന്റെ ക്രോസ് സ്വീകരിച്ച ഫ്രാന്‍ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്. ഇതോടെ സ്‌കോര്‍ 3-1 എന്ന നിലയിലായി.

ഗോള്‍ നേടിയ ശേഷം ആക്രമിച്ച് കളിച്ച ബെംഗളൂരു 70-ാം മിനിട്ടില്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ഇത്തവണ നായകന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. ഈ ഗോളും ഹെഡ്ഡര്‍ വഴിയാണ് പിറന്നത്. ഹര്‍മന്‍ജോട് ഖാബ്ര നല്‍കിയ ക്രോസ് ബോക്‌സിനകത്ത് വെച്ച് സ്വീകരിച്ച ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. 

പിന്നീട് സമനില ഗോള്‍ നേടാന്‍ ബെംഗളൂരു സര്‍വം മറന്ന് കളിച്ചെങ്കിലും ജംഷേദ്പുര്‍ പ്രതിരോധനിര അതിന് സമ്മതിച്ചില്ല. ഇതോടെ വിജയത്തോടെ ജംഷേദ്പുര്‍ ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചു. ബെംഗളൂരുവിന് അവസാന മത്സരത്തില്‍ തോല്‍വി പിണഞ്ഞു.

Content Highlights: Jamshedpur FC vs Bengaluru FC ISL 2020-2021