മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഈസ്റ്റ് ബംഗാള്‍ - ജംഷേദ്പുര്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പു കാര്‍ഡ് കണ്ട മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 75 മിനിറ്റിലേറെ 10 പേരുമായി കളിച്ച ഈസ്റ്റ് ബംഗാളിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ജംഷേദ്പുരിന് സാധിച്ചില്ല.

നാലു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട യൂജെന്‍സന്‍ ലിങ്‌ദോയ്ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചതോടെ മത്സരത്തിന്റെ 25-ാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ 10 പേരായി ചുരുങ്ങുകയായിരുന്നു. 21-ാം മിനിറ്റില്‍ ലാല്‍ഡിന്‍ലിയാന റെന്‍ത്‌ലെയെ വീഴ്ത്തിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ച ലിങ്‌ദോയ്ക്ക് 25-ാം മിനിറ്റില്‍ അലക്‌സാണ്‍ഡ്രെ ലിമയെ വീഴ്ത്തിയതിന് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും നല്‍കുകയായിരുന്നു.

അതിനിടെ മുന്നിലെത്താന്‍ ലഭിച്ച നിരവധി അവസരങ്ങളാണ് ജംഷേദ്പുര്‍ നഷ്ടപ്പെടുത്തിയത്. മൂന്നാം മിനിറ്റില്‍ തന്നെ ലഭിച്ച അവസരം മുബഷിര്‍ ബാറിന് മുകളിലേക്ക് അടിച്ചുകളയുകയായിരുന്നു. ആറാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം അനികേത് ജാദവും നഷ്ടപ്പെടുത്തി. 

38-ാം മിനിറ്റില്‍ മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്നുള്ള സ്റ്റീഫന്‍ എസെയുടെ ഗോളെന്നുറച്ച ഹെഡര്‍ ബാറിലിടിച്ച് മടങ്ങിയതും ജംഷേദ്പുരിന് തിരിച്ചടിയായി. 69-ാം മിനിറ്റില്‍ അലക്‌സാണ്‍ഡ്രെ ലിമയുടെ വോളി ബാറില്‍ തട്ടി പുറത്തേക്ക് പോകുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി അവസരങ്ങളാണ് ജംഷേദ്പുര്‍ നഷ്ടപ്പെടുത്തിയത്.

അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലെ ഫൗളിനാണ് ജംഷേദ്പുര്‍ താരം ലാല്‍ഡിന്‍ലിയാന റെന്‍ത്ലെയ്ക്ക് റഫറി രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും നല്‍കിയത്. സമനിലയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ജംഷേദ്പുര്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റുമായി ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020 SC East Bengal facing Jamshedpur FC