മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. നെറിയസ് വാല്‍സ്‌കിസിന്റെ ഇരട്ട ഗോളുകളാണ് ജംഷേദ്പുരിന് ജയമൊരുക്കിയത്. എ.ടി.കെയുടെ ഏക ഗോള്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു.

ഈ സീസണില്‍ ജംഷേദ്പുരിന്റെ ആദ്യ ജയമാണിത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ എ.ടി.കെയുടെ ആദ്യ തോല്‍വിയും. കളിയുടെ എല്ലാ മേഖലകളിലും എ.ടി.കെയെ പിന്നിലാക്കിയാണ് ജംഷേദ്പുര്‍ ജയം കുറിച്ചത്. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ജംഷേദ്പുരിനായിരുന്നു ആധിപത്യം. 13-ാം മിനിറ്റില്‍ തന്നെ അവര്‍ മികച്ച മുന്നേറ്റം നടത്തി. പീറ്റര്‍ ഹാര്‍ട്ട്‌ലിയുടെ ഒരു അളന്നുമുറിച്ച ലോങ് ഷോട്ടിലൂടെ പന്ത് ലഭിച്ച വില്യം ലാല്‍നന്‍ഫെലയെ തടുക്കാന്‍ എടികെ ഡിഫന്‍ഡര്‍മാര്‍ക്ക് സാധിക്കാതെ പോകുന്നു. ഇതിനിടെ പന്ത് ലഭിച്ച മുബഷിറിന്റെ ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്ക്. മുബഷിറിന്റെ ദുര്‍ബലമായ ഷോട്ടിന് വലിയ അപകടം സൃഷ്ടിക്കാനായില്ല.

30-ാം മിനിറ്റില്‍ വാല്‍സ്‌കിസിന്റെ ആദ്യ ഗോള്‍ വന്നു. മോണ്‍റോയിയുടെ കോര്‍ണറില്‍ തലവെച്ച് വാല്‍സ്‌കിസ് പന്ത് വലയിലെത്തിച്ചു. ആദ്യ ഗോളിനു ശേഷം 32-ാം മിനിറ്റില്‍ വാല്‍ക്കിസ് തന്റെ രണ്ടാം ഗോളിന് തൊട്ടടുത്തെത്തിയതായിരുന്നു. ടിരിയുടെ മിസ്പാസ് ലഭിച്ച ജാക്കിചന്ദിന്റെ മുന്നേറ്റം. താരത്തിന്‍ നിന്ന് പന്ത് സ്വീകരിച്ച വില്യം അത് ജാക്കിചന്ദിന് തന്നെ മറിച്ച് നല്‍കി. ജാക്കിചന്ദിന്റെ ക്രോസ് ബോക്‌സിലുള്ള വാല്‍സ്‌കിസിലേക്ക്, പക്ഷേ താരത്തിന്റെ ഹെഡര്‍ നേരെ അരിന്ദം ഭട്ടാചാര്യ പിടിച്ചെടുക്കുകയായിരുന്നു. 

66-ാം മിനിറ്റില്‍ എ.ടി.കെയുടെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു വാല്‍സ്‌കിന്റെ രണ്ടാം ഗോള്‍. ഇത്തവണയും മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്നാണ് ഗോളിന്റെ പിറവി. ജംഷേദ്പുര്‍ താരം മുബഷിര്‍ ഹെഡ് ചെയ്തത് എ.ടി.കെ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി ആരും മാര്‍ക്ക് ചെയ്യാതിരുന്ന വാല്‍സ്‌കിന്റെ മുന്നിലേക്ക്. പന്തിനെ വലയിലേക്ക് തിരിച്ചുവിടേണ്ട പണിയേ വാല്‍സ്‌കിന് ഉണ്ടായിരുന്നുള്ളൂ. ജംഷേദ്പുര്‍ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.

പിന്നീട് 80-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എ.ടി.കെ ഒരു ഗോള്‍ തിരിച്ചടിക്കുന്നത്. മന്‍വീര്‍ സിങ് ഹെഡ് ചെയ്ത പന്ത് ലഭിക്കുമ്പോള്‍ കൃഷ്ണ ഓഫ്‌സൈഡായിരുന്നു. പക്ഷേ റഫറി അത് കണ്ടില്ല. ജംഷേദ്പുര്‍ താരങ്ങള്‍ ഓഫ്‌സൈഡിനായി വാദിക്കുന്നതിനിടെ കൃഷ്ണ പന്ത് വലയിലെത്തിച്ചു. 

ഇതിനൊപ്പം മലയാളി ഗോള്‍ കീപ്പര്‍ ടി.പി രെഹനേഷിന്റെ മികച്ച പ്രകടനവും ജംഷേദ്പുരിന്റെ വിജയത്തില്‍ നിര്‍ണായകമായി. 49, 51 മിനിറ്റുകളിലേതടക്കം ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് രഹനേഷ് രക്ഷപ്പെടുത്തിയത്.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ജംഷേദ്പുര്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. എ.ടി.കെ രണ്ടാം സ്ഥാനത്താണ്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

 

Content Highlights: ISL 2020 Jamshedpur FC to face strong ATK Mohun Bagan