ബംബോലിം: ആരവങ്ങളില്ലാത്ത, അപരിചിതമായ ഹോം ഗ്രൗണ്ടിൽ വിജയം മാത്രം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ അങ്കത്തിനിറങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെ. മോഹൻബഗാൻ. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബംബോലിം സ്റ്റേഡിയത്തിൽ രാത്രി 7.30-ന് മത്സരം തുടങ്ങും.

പുതിയ ബ്ലാസ്റ്റേഴ്‌സ്

പുത്തനുണർവോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകൻ കിബു വികുനയ്ക്ക് കീഴിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ആറു സീസണുകളിൽനിന്ന് വ്യത്യസ്തമായി നന്നായി ഗൃഹപാഠം ചെയ്താണ് മാനേജ്‌മെന്റ് ടീമിനെ ഇറക്കുന്നത്. കിബു പരിശീലിപ്പിച്ച മോഹൻ ബഗാൻ കഴിഞ്ഞ ഐ ലീഗിൽ ചാമ്പ്യൻമാരായിരുന്നു. ആ ടീമിന്റെ പകുതി എതിരാളികളായി മറുവശത്തുണ്ട്. ഉദ്ഘാടനമത്സരത്തിൽ കൊൽക്കത്തയോട്‌ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല.

ടീം ഘടന

4-2-3-1 ആണ് കിബുവിന്റെ ഇഷ്ട ഫോർമേഷൻ. എന്നാൽ, ആദ്യകളിയിൽ 4-1-4-1 ശൈലിയിൽ ടീമിനെ ഇറക്കാനാകും കോച്ചിന് താത്‌പര്യം. ഗോൾ കീപ്പറായി ആൽബിനോ ഗോമസ് കളിക്കും. സെൻട്രൽ ഡിഫൻസിൽ നായകൻ കോസ്റ്റ നമോയിൻസുവും ബക്കാരി കോനെയുമാകും. വിങ്‌ബാക്കുകളായി ജെസൽ കർനെയ്‌റോയും നിഷുകുമാറും. ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ സ്പാനിഷ് താരം വിസന്റെ ഗോമസ്. സെൻട്രൽ മിഡ്ഫീൽഡിൽ സഹൽ അബ്ദുസമദും സെർജിയോ സിഡോഞ്ചയുമാകും. വിങ്ങുകളിൽ പ്രശാന്തും നോങ്ഡാംബ നവോറമും കളിക്കാനാണ് സാധ്യത. ഏക സ്‌ട്രൈക്കറായി ഗാരി ഹൂപ്പറുണ്ടാകും. അർജന്റീന താരം ഫക്കുണ്ടോ പെരെയ് രയും ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോർഡാൻ മറെയും ടീമിനൊപ്പം ചേരാൻ വൈകിയതിനാൽ ആദ്യഇലവനിൽ കളിക്കാൻ സാധ്യതയില്ല. 4-2-3-1, 4-3-3 ശൈലിയിലാണെങ്കിൽ ചില പൊസിഷനുകളിൽ കളിക്കാർ മാറും. അഞ്ച് പകരക്കാരെ പരീക്ഷിക്കാമെന്ന അനുകൂല്യം ടീമിന് ഗുണകരമാകും.

കരുത്തോടെ എ.ടി.കെ. ബഗാൻ

കഴിഞ്ഞ സീസണിലെപ്പോലെ മികച്ച ടീമിനെയാണ് എ.ടി.കെ. മോഹൻ ബഗാൻ കളത്തിലിറക്കുന്നത്. മികച്ച കളിക്കാരെയെല്ലാം നിലനിർത്തിയ ടീം പ്രതിരോധത്തിലും മധ്യനിരയിലും കരുത്തുകൂട്ടി. പരിചയസമ്പന്നനായ പരിശീലകൻ അന്റോണിയോ ഹെബാസും കൂടെയുണ്ട്. 3-5-2 ഫോർമേഷനാണ് ഹെബാസിനിഷ്ടം. മുന്നേറ്റത്തിൽ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ് സഖ്യത്തിനാണ് സാധ്യത.

എഡു ഗാർഷ്യ, ഹാവിയർ ഹെർണാണ്ടസ്, ബ്രാഡൻ ഇൻമാൻ എന്നിവരുൾപ്പെട്ട മധ്യനിര മികച്ചതാണ്. മുൻ ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിംഗാൻ, സ്പാനിഷ് താരം ടിറി, പ്രീതം കോട്ടാൽ, സുമിത് രാത്തി എന്നിവരടങ്ങിയ പ്രതിരോധവും ശക്തമാണ്.