വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ചെന്നൈയിന് വേണ്ടി ചങ്‌തെ, റഹീം അലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനായി മാറ്റി സ്‌റ്റെയിന്‍മാന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിന്‍മാന്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരം തുടങ്ങിയപ്പോള്‍തൊട്ട് ഈസ്റ്റ് ബംഗാളാണ് ആക്രമിച്ച് കളിച്ചത്. അതിന്റെ ഭാഗമായി ആദ്യ മിനിട്ടില്‍ തന്നെ കോര്‍ണര്‍ നേടിയെടുക്കാന്‍ ടീമിന് സാധിച്ചു. പിന്നീട് പതിയെ ചെന്നൈയിനും മികച്ച കളി പുറത്തെടുത്തു. അതിന് ഫലവുമുണ്ടായി.
12-ാം മിനിട്ടില്‍ വിങ്ങര്‍ ചങ്‌തെയിലൂടെ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി ബോക്‌സിലേക്ക് ഇരച്ചുകയറിയ ചങ്‌തെ അനായാസേന പന്ത് ഗോള്‍കീപ്പര്‍ മജുംദാറിനെ കബിളിപ്പിച്ചുകൊണ്ട് വലയിലെത്തിച്ചു. ഈ സീസണില്‍ താരം നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ വീണതോടെ ചെന്നൈയിന്‍ ആക്രമിച്ച് കളിച്ചു. ഇതോടെ ഈസ്റ്റ് ബംഗാള്‍ പരുങ്ങലിലായി. തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ച് ചെന്നൈയിന്‍ ഈസ്റ്റ്ബംഗാളിന് തലവേദന സൃഷ്ടിച്ചു.
30-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ മഗോമയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് അത് വലയിലെത്തിക്കാനായില്ല. 36-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ റഫീഖിന് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനകത്തേക്ക് കയറിവന്ന റഫീഖ് ഗോള്‍കീപ്പര്‍ വിശാലിനെ വരെ ഡ്രിബിള്‍ ചെയ്ത് മുന്നേറി. മുന്‍പില്‍ ഒഴിഞ്ഞ പോസ്റ്റ് മാത്രമാണുണ്ടായിരുന്നത്. എന്നിട്ടുപോലും റഫീഖിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടാന്‍ സാധിച്ചില്ല.
സംഭവബഹുലമായിരുന്നു രണ്ടാം പകുതി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നിരുന്ന ഈസ്റ്റ്ബംഗാള്‍ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. അതിന്റെ ഫലമായി ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.
59-ാം മിനിട്ടില്‍ മാറ്റ് സ്‌റ്റെയിന്‍മാനാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. സ്റ്റെയിന്‍മാന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ഇതോടെ കളി ആവേശത്തിലായി. ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിന്‍ ആക്രമിച്ച് കളിച്ചു.
ഈസ്റ്റ് ബംഗാളിന്റെ സമനിലഗോളിന് എന്നാല്‍ അധിക ആയുസ്സുണ്ടായിരുന്നില്ല. 64-ാം മിനിട്ടില്‍ റഹിം അലിയിലൂടെ ചെന്നൈയിന്‍ രണ്ടാം ഗോള്‍ നേടി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ്സില്‍ നിന്നുമാണ് യുവതാരം അലി അനായാസേന പന്ത് വലയിലെത്തിച്ചത്. താരം ഈ സീസണില്‍ നേടുന്ന രണ്ടാം ഗോളാണിത്.
വീണ്ടും ഗോള്‍ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ സമനില ഗോളും അവര്‍ നേടി. 68-ാം മിനിട്ടില്‍ വീണ്ടും സ്റ്റെയിന്‍മാന്‍ ടീമിന്റെ രക്ഷകനായി. ഫോക്‌സിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച സ്റ്റെയിന്‍മാന്‍ പന്ത് അനായാസം വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു.
പിന്നീട് കണ്ടത് ഐ.എസ്.എല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ്. ഇരുടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ ആവേശം വാനോളമായി. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മജുംദാറിന്റെ തകര്‍പ്പന്‍ സേവുകള്‍ നിരവധി ഗോളുകള്‍ നേടുന്നതില്‍ നിന്നും ചെന്നൈയിനെ തടഞ്ഞു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 SC East Bengal vs Chennaiyin FC