ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം. 

15-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെയാണ് ആദ്യം മുന്നിലെത്തിയത്. എ.ടി.കെ ബോക്‌സില്‍ നിന്ന് പന്ത് ലഭിച്ച ടിരി നല്‍കിയ ലോങ് ബോളില്‍ നിന്നായിരുന്നു എ.ടി.കെയുടെ ആദ്യ ഗോള്‍. ഓഫ് സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റോയ് കൃഷ്ണ പന്തുമായി ഒറ്റയ്ക്ക് മുന്നേറി തടയാനെത്തിയ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പറേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 41-ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തിയത്. ബോക്‌സിലേക്ക് വന്ന രാജു ഗെയ്ക്വാദിന്റെ ത്രോ ഇന്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ടിരിയുടെ തലയില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.

72-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നുമാണ് എ.ടി.കെ രണ്ടാം ഗോള്‍ നേടിയത്. റോയ് കൃഷ്ണയുടെ ഹെഡര്‍ കൈപ്പിടിയിലാക്കിയ സുബ്രതാ പോള്‍ പന്ത് നേരെ മാറ്റി സ്റ്റെയ്ന്‍മാന് നല്‍കുന്നു. സ്റ്റെയ്ന്‍മാന്റെ പാസ് നേരെ ഡാനിയല്‍ ഫോക്‌സിലേക്ക്. ഓടി വന്ന റോയ് കൃഷ്ണയെ നിസ്സാരനായി കണ്ട ഫോക്‌സിന് പിഴച്ചു. പന്ത് റാഞ്ചിയ കൃഷ്ണ അത് നേരേ ഡേവിഡ് വില്യംസിന് മറിച്ചു. വില്യംസിന്റെ കിക്ക് വലയില്‍.

89-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ കോര്‍ണറില്‍ നിന്ന് ഹാവിയര്‍ ഹെര്‍ണാണ്ടസ് എ.ടി.കെയുടെ മൂന്നാം ഗോളും നേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 SC East Bengal against ATK Mohun Bagan