ബാംബോലിം: ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ മുംബൈ സിറ്റിക്കെതിരേ സമനില പിടിച്ച് എഫ്.സി ഗോവ.

ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ ഇഷാന്‍ പണ്ഡിതയാണ് ഗോവയുടെ സമനില ഗോള്‍ നേടിയത്. 

20-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. 26-ാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെ അവരുടെ ലീഡുയര്‍ത്തി. 

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഗ്ലാന്‍ മാര്‍ട്ടിന്‍സ് ഗോവയ്ക്കായി ഒരു ഗോള്‍ മടക്കി. 51-ാം മിനിറ്റില്‍ ഇഗോള്‍ അംഗൂളോയിലൂടെ ഗോവ രണ്ടാം ഗോളും കണ്ടെത്തി. 

90-ാം മിനിറ്റില്‍ റൗളിങ് ബോര്‍ഗസിലൂടെ മുംബൈ വീണ്ടും ലീഡെടുത്തു. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എഡു ബേഡിയയുടെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച ഇഷാന്‍ പണ്ഡിത ഗോവയുടെ സമനില ഗോള്‍ നേടി. 

34 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 23 പോയന്റോടെ ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: ISL 2020-21 saw Mumbai City FC and FC Goa play out a 3-3 draw