ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അടുത്തെത്തിക്കഴിഞ്ഞു. കളിക്കാരും സംഘാടകരുമെല്ലാം ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സുരക്ഷാ കുമിളയിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണ്‍ ഗോവയില്‍ മൂന്നു വേദികളിലായി നടക്കുന്നത്. ഇതോടെ ബയോ സെക്യൂര്‍ ബബിളിലായി (ജൈവ സുരക്ഷാ കുമിള) സൂപ്പര്‍ ലീഗ് സ്വപ്നങ്ങള്‍. മത്സരങ്ങള്‍ നവംബര്‍ 20-ന് തുടങ്ങും.

ഏഴുദിവസത്തെ ഹോം ക്വാറന്റീനും 14 ദിവസം ഗോവയിലെ ക്വാറന്റീനും കഴിഞ്ഞ് ടീമുകളും സംഘാടകരും അനുബന്ധ ജീവനക്കാരുമെല്ലാം ബയോ ബബിള്‍ സെക്യൂറിലായി. മാര്‍ച്ച് മാസം ഫൈനലിനുശേഷമാകും ഇതില്‍നിന്ന് പുറത്തുവരിക.

ടീമുകളെല്ലാം മുന്തിയ ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തു. സ്റ്റേഡിയങ്ങളെല്ലാം സുരക്ഷാ ക്യാമറകളുടെ വലയത്തിലായി. കളിക്കാര്‍ അടക്കം, സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ പ്രമുഖ സെക്യൂരിറ്റി ഗ്രൂപ്പിന്റെ കടുത്ത നിരീക്ഷണത്തിലാണിപ്പോള്‍. പുറംലോകവുമായി നേരിട്ട് ബന്ധപ്പെടാനാകില്ല. എല്ലാവരുടെയും ആരോഗ്യവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന ആപ്പും സജ്ജമായി. ഓരോ 72 മണിക്കൂറിലും കോവിഡ് പരിശോധന നടക്കുന്നു.

35 കളിക്കാര്‍

35 കളിക്കാരെ ഇത്തവണ ഓരോ ക്ലബ്ബിനും രജിസ്റ്റര്‍ ചെയ്യാം. മുഖ്യപരിശീലകന്‍ അടക്കം 25 ജീവനക്കാര്‍ക്കും അനുമതിയുണ്ട്. മത്സരദിവസം 20 കളിക്കാര്‍ക്കും പരിശീലകനടക്കം 11 സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഗ്രൗണ്ടില്‍ പ്രവേശിക്കാം. ഓരോ ക്ലബ്ബില്‍നിന്നും മൂന്നുപേര്‍ക്ക് കളി കാണാന്‍ അനുമതിയുണ്ട്. ക്ലബ്ബുടമ, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവര്‍ക്ക് വി.ഐ.പി. ബോക്‌സിലിരിക്കാം.

അടച്ചിട്ട ആവേശം

കാണികളില്ലെങ്കിലും ഗാലറിയില്‍നിന്ന് ആവേശമുയരും. ഇതിനുള്ള സജ്ജീകരണം സ്റ്റാര്‍ സ്‌പോര്‍ട്സ് ഒരുക്കി. മത്സരത്തിന്റെ മുഴുവന്‍ സമയവും ആരവങ്ങളുണ്ടാകും. സ്റ്റേഡിയത്തില്‍ കാണികളുടെ കട്ടൗട്ടുകളുമുണ്ടാകും.

നടത്തിപ്പ്

അരഡസന്‍ മാച്ച് കമ്മിഷണര്‍മാര്‍ കളിനടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞതവണ 13 പേരായിരുന്നു. ഇതിനൊപ്പം റഫറിമാരും അസിസ്റ്റന്റ് റഫറിമാരും മത്സരത്തിനായി തയ്യാറായിട്ടുണ്ട്. ഫത്തോര്‍ദയിലെ നെഹ്രു സ്റ്റേഡിയം, ബാംബോലിമിലെ ജി.എം.സി. സ്റ്റേഡിയം വാസ്‌കോയിലെ തിലക് മൈതാന്‍ എന്നിവിടങ്ങളിലാണ് കളി. ഓരോ ക്ലബ്ബിന്റെയും ഹോം വേദികള്‍ നിശ്ചയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാലു ടീമുകളുടെ ഹോം വേദി ജി.എം.സി. സ്റ്റേഡിയമാണ്.

കളിക്കുമുമ്പ്

ഇത്തവണ ടണലിലൂടെ ഇരുടീമുകളും ഒരുമിച്ചു വരില്ല. ആദ്യം എവേ ടീമും രണ്ടാമതായി ഹോം ടീമും ഗ്രൗണ്ടിലെത്തും. പരസ്പരം കൈകൊടുക്കലും കെട്ടിപ്പിടിത്തവുമില്ല. തുപ്പുന്നതും ജേഴ്സിയൂരുന്നതും അച്ചടക്കനടപടിക്ക് കാരണമാകും. ടീമുകള്‍ ഭക്ഷണമടക്കമുള്ളവ ഹോട്ടലില്‍നിന്ന് കൊണ്ടുവരും. ഉദ്ഘാടനച്ചടങ്ങുമുണ്ടാകില്ല.

എല്ലാം ഓണ്‍ലൈന്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. ടീമുകളുടെ പത്രസമ്മേളനങ്ങള്‍ ഇത്തവണ ഓണ്‍ലൈനായിട്ടാകും. അക്രഡിറ്റേഷന്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനായി പത്രസമ്മളനത്തില്‍ പങ്കെടുക്കാം. ഓരോ ക്ലബ്ബും പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന.

അച്ചടക്കത്തിന്റെ വാള്‍

ബയോ ബബിള്‍ സെക്യുര്‍ ലംഘിക്കുന്ന താരങ്ങള്‍ ലീഗില്‍നിന്ന് പുറത്താകും. ക്ലബ്ബിനും കളിക്കാരനും കനത്ത പിഴയും ലഭിക്കും. ബബിളിനകത്തെ ഓരോ അച്ചടക്കലംഘനങ്ങള്‍ക്കും പിഴയുണ്ടാകും.

Content Highlights: ISL 2020-21 repeated testing and increased safety measures