ബാംബോലിം: ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ എഫ്.സിക്കെതിരേ സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 

പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന് ഇന്ന് ജയിച്ചിരുന്നെങ്കില്‍ ഗോവ, ഹൈദരാബാദ് ടീമുകളെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു. 

ചെന്നൈയിനായി ചാങ്‌തെ ഇരട്ട ഗോളുകളുമായി തിളങ്ങി. എട്ടാം മിനിറ്റിലും 52-ാം മിനിറ്റിലുമായിരുന്നു താരത്തിന്റെ ഗോളുകള്‍. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാനുവല്‍ ലാന്‍സറോട്ടെയാണ് ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടിയത്. 

നോര്‍ത്ത് ഈസ്റ്റിനായി 14-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാനും 43-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണും സ്‌കോര്‍ ചെയ്തു. പിന്നീട് ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഇദ്രിസ സില്ലയെ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കൈത്ത് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൂയിസ് മക്കാഡോ പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിന് ആശ്വാ സമനില നല്‍കി.

സമനിലയോടെ ഗോവയ്ക്കും ഹൈദരാബാദിനുമൊപ്പം നോര്‍ത്ത് ഈസ്റ്റിനും 27 പോയന്റായി. ഗോള്‍ ശരാശരിയില്‍ പിന്നില്‍ പോയ നോര്‍ത്ത് ഈസ്റ്റ് നിലവില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights: ISL 2020-21 NorthEast United hold Chennaiyin FC draw