മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ വ്യാഴാഴ്ച നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - എഫ്.സി ഗോവ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

21-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജും 80-ാം മിനിറ്റില്‍ അമര്‍ജിത്ത് സിങ്ങുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 41-ാം മിനിറ്റിലും 83-ാം മിനിറ്റിലും പെനാല്‍റ്റി വലയിലെത്തിച്ച ഫെഡറിക്കോ ഗല്ലേഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും നേടിയത്.

21-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജിന്റെ ഗോളില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ജോര്‍ജ് ഓര്‍ട്ടിസിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മുന്നേറ്റത്തിനിടെ പന്ത് ലൈനിന് പുറത്ത് പോയെന്ന് സംശയിച്ച് നിന്ന നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കിടയിലൂടെ ഓര്‍ട്ടിസ് പന്ത് ആല്‍ബര്‍ട്ടോ നൊഗ്വേരയ്ക്ക് നീട്ടി. നൊഗ്വേരയുടെ പാസ് സ്വീകരിച്ച റൊമാരിയോ ജെസുരാജ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 41-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെഡറിക്കോ ഗല്ലേഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ ലൂയിസ് മഷാഡോയെ ആല്‍ബര്‍ട്ടോ നൊഗ്വേര ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. 

ഇതിനിടെ 36-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണിനെ ആദില്‍ ഖാന്‍ ബോക്‌സില്‍ വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി റഫറി നിഷേധിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടെ 80-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ് എടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് അമര്‍ജിത്ത് സിങ് ഗോവയെ മുന്നിലെത്തിച്ചു.

എന്നാല്‍ ഈ ഗോളിന് മൂന്നു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 83-ാം മിനിറ്റില്‍ അശുതോഷ് മേത്തയെ ഇവാന്‍ ഗോള്‍സാല്‍വസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായ രണ്ടാം പെനാല്‍റ്റി വിധിച്ചു.

കിക്കെടുത്ത ഫെഡറിക്കോ ഗല്ലേഗോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ കൈയില്‍ തട്ടി വലയില്‍. ഗോവയുടെ തുടര്‍ച്ചയായ നാലാം സമനിലയാണിത്. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 NorthEast United FC vs FC Goa