മുര്‍ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ചെന്നൈയിന്‍ എഫ്.സി. ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 

ഈ സമനിലയോടെ നോര്‍ത്ത് ഈസ്റ്റ് ഈ സീസണില്‍ പരാജയമറിയാതെ മുന്നേറുന്നു. ചെന്നൈയാകട്ടെ കഴിഞ്ഞ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ നിന്നും മുക്തരാകുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റിന്റെ ഖാസ കമാറ ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. 

നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഇന്ന് മലയാളി താരം വി.പി.സുഹൈര്‍ കളിക്കാനിറങ്ങി.

മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ സമചിത്തതയോടെ പെരുമാറിയ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര അപകടം ഒഴിവാക്കി. പിന്നാലെ നോര്‍ത്ത് ഈസ്റ്റും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. 

16-ാം മിനിട്ടില്‍ സുഹൈറിന്റെ ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ ചെന്നൈയുടെ പോസ്റ്റിന് മുകളിലൂടെ മൂളിപ്പറന്നുപോയി. 17-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ബോക്‌സിനുള്ളില്‍ ഒരു ഹാന്‍ഡ്‌ബോള്‍ പിറന്നെങ്കിലും റഫറി പെനാല്‍ട്ടി വിധിച്ചില്ല.

ആക്രമങ്ങളും പ്രത്യാക്രമണങ്ങളും ഒരുപോലെ ഇരുടീമുകളും നടത്തിയതോടെ കളി ആവേശത്തിലായി. പക്ഷേ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകളുടെയും മുന്നേറ്റ നിരയ്ക്കും സാധിച്ചില്ല.

36-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റതാരം മഷാഡോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 38-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മഷാഡോയ്ക്കും സിലയ്ക്കും അത് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് നോര്‍ത്ത് ഈസ്റ്റാണ്. നിരന്തരം ചെന്നൈയിന്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടാന്‍ ഹൈലാന്‍ഡേഴ്‌സിന് സാധിച്ചു. 54-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സില്ല എടുത്ത ഗോളെന്നുറച്ച ഷോട്ട് ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ വിശാല്‍ ഖെയ്ത്ത് അവിശ്വസനീയമായി തട്ടിയകറ്റി. 

59-ാം മിനിട്ടില്‍ ചെന്നൈയുടെ സില്‍വസ്റ്റര്‍ എടുത്ത കിക്ക് ഗോള്‍കീപ്പര്‍ ഗുര്‍മീത് തട്ടിയെങ്കിലും അത് നേരെ ചെന്നത് ചാങ്‌തെയുടെ കാലിലേക്കാണ്. ഓപ്പണ്‍ പോസ്റ്റിലേക്ക് താരം ഷോട്ടെടുത്തെങ്കിലും അത് പോസ്റ്റിന് മുകളിലൂടെ പറന്നു. അനായാസേന ഗോള്‍ നേടാനാവുന്ന അവസരമാണ് ചാങ്‌തെ പാഴാക്കിയത്. 

പിന്നാലെ 63-ാം മിനിട്ടില്‍ മികച്ച ഒരു ത്രൂബോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ സില്ലയ്ക്ക് ലഭിച്ചു. ഓപ്പണ്‍ പോസ്റ്റിലേക്ക് വെറുതെ തട്ടിയിട്ടാല്‍ പോലും ഗോളാകുന്ന ആ അവസരം സില്ല തുലച്ചുകളഞ്ഞു. പന്ത് പുറത്തേക്കാണ് താരം അടിച്ചത്. 

പിന്നീട് ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 NorthEast United FC against Chennaiyin FC