മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ചൊവ്വാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍പ്പിച്ചത്. 

48-ാം മിനിറ്റില്‍ മലയാളി താരം വി.പി. സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം സാര്‍ഥക് ഗോലുയിയുടെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തി. 87-ാം മിനിറ്റില്‍ സാര്‍ഥക് ഗോലുയി തന്നെ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടി. 

71-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിരതാരം രാജു ഗെയ്ക്‌വാദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. നിര്‍ണായക ജയത്തോടെ, 19 കളിയില്‍ 30 പോയന്റായ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇതേ പോയന്റുള്ള ഗോവ ഗോള്‍ നിലയില്‍ മൂന്നാം സ്ഥാനത്താണ്. അവസാന റൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. 17 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

Content Highlights: ISL 2020-21 NorthEast stay on course after narrow win over SC East Bengal