മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. 

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും നോര്‍ത്ത് ഈസ്റ്റിനായി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ലൂയിസ് മഷാഡോ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. വലതുവശത്തു നിന്ന് അശുതോഷ് മേത്ത ബോക്‌സിലേക്ക് നീട്ടിയ പന്ത് കിടിലന്‍ വോളിയിലൂടെ മഷാഡോ വലയിലെത്തിക്കുകയായിരുന്നു. 

19-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണ്‍ അവരുടെ ലീഡുയര്‍ത്തി. ഫെഡറിക്കോ ഗയ്യേഗോ നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ബ്രൗണിന്റെ ഗോള്‍. പന്തിനൊപ്പം ബോക്‌സിലേക്ക് ഓടിക്കയറിയ ബ്രൗണ്‍ ഒഡിഷ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപിന്റെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

24-ാം മിനിറ്റില്‍ ഒഡിഷ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് മഷാഡോ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഫെഡറിക്കോ ഗയ്യേഗോ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് അനായാസം മഷാഡോ വലയിലെത്തിക്കുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ഒഡിഷ താരങ്ങള്‍ ശ്രമിച്ചു നോക്കുക പോലും ചെയ്തില്ല. ഫലമോ മഷാഡോയുടെ ഫ്രീ ഹെഡര്‍ വലയില്‍.

ഇതിനു ശേഷവും വീണ്ടും ഗോളെന്നുറച്ച നാലോളം അവസരങ്ങള്‍ സൃഷ്ടിക്കാനും നോര്‍ത്ത് ഈസ്റ്റിനായി.

ആദ്യ പകുതിയുടെ അധിക സമയത്താണ് ഒഡിഷയുടെ ഗോള്‍ വന്നത്. പോസ്റ്റിന്റെ ഇടതുവശത്തു നിന്ന് ഡാനിയല്‍ നീട്ടിനല്‍കിയ പന്തില്‍ നിന്നുള്ള ബ്രാഡന്‍ ഇന്‍മാന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് താരം മഷൂര്‍ ഷെരീഫിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. ഒഡിഷയും ഏതാനും അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോള്‍ നേടാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല.

63-ാം മിനിറ്റില്‍ മഷാഡോയുടെ ഗോളെന്നുറച്ച ഹെഡര്‍ അര്‍ഷ്ദീപ് ഒരു നീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2020-21 NorthEast looking for 4th spot with win against Odisha FC