ബാംബോലിം: ഐ.എസ്.എല്ലിലെ ഈ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് മുംബൈ സിറ്റി. 

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാന്‍ മുംബൈക്കായി. ഇതോടെ ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡിനൊപ്പം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും മുംബൈ സിറ്റിക്ക് സ്വന്തമായി. 

ഏഴാം മിനിറ്റില്‍ മുര്‍ത്താത ഫാളും 39-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. 

ഏഴാം മിനിറ്റില്‍ അഹമ്മദ് ജാഹു എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു മുര്‍ത്താത ഫാളിന്റെ ഗോള്‍. ജാഹുവിന്റെ ഫ്രീ കിക്ക്, ഹെഡറിലൂടെ ഫാള്‍ വലയിലെത്തിക്കുകയായിരുന്നു. 

39-ാം മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു മുംബൈയുടെ രണ്ടാം ഗോളിന്റെ പിറവി. ക്രോസ്ബാറില്‍ തട്ടി തെറിച്ച പന്ത് ഓഗ്‌ബെച്ചെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

സെമി ഫൈനലില്‍ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ്.സി ഗോവയെയും, രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

Content Highlights: ISL 2020-21 Mumbai City FC beat ATK Mohun Bagan