കോഴിക്കോട്: ബാംബോലിമിലെ ഒഴിഞ്ഞുകിടക്കുന്ന ഗാലറിക്കുമുന്നില്‍ ഹോം മത്സരം കളിക്കാനിറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ആദ്യം ഓര്‍ക്കുന്നത് കൊച്ചിയിലെ കാണികളെയാകും. മഞ്ഞപുതച്ച നെഹ്രു സ്റ്റേഡിയവും അതിലെ ആരവങ്ങളെയുമാകും. മത്സരടിക്കറ്റ് കിട്ടാതെ നിരാശയോടെ പുറത്തുനില്‍ക്കുന്ന ആയിരങ്ങളെയാകും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണില്‍ ഗോവയില്‍ കളിക്കാനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ഏറ്റവും നഷ്ടബോധത്തോടെ ഓര്‍ക്കുന്നത് അവരുടെ പന്ത്രണ്ടാമന്‍ എന്ന വിളിപ്പേരുള്ള ആരാധകക്കൂട്ടത്തെയാകും. മഞ്ഞപ്പടയെന്ന ഔദ്യോഗിക ആരാധകസംഘവും സാധാരണ ഫുട്ബോള്‍ പ്രേമികളും ചേര്‍ന്ന് ഇതുവരെ ആദ്യ ഹോം മത്സരങ്ങളിലെല്ലാം സ്റ്റേഡിയം നിറച്ചിട്ടുണ്ട്. തൊണ്ടകീറി ടീമിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്

കേരള ഫുട്ബോളിന്റെ ഗാലറിയിലേക്ക് വീണ്ടും കാണികള്‍ കയറാന്‍ തുടങ്ങിയത് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ തുടങ്ങിയശേഷമാണ്. ഇതുവരെ 17.81 ലക്ഷം പേരാണ് കൊച്ചിയില്‍ കളികണ്ടത്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത ക്ലബ്ബ് എ.ടി.കെ.യുടെ കളികണ്ടത് 13.31 ലക്ഷമാണ്. നാലുലക്ഷത്തിന്റെ വ്യക്തമായ മുന്‍തൂക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറു സീസണുകളിലുമായി സ്റ്റേഡിയത്തിലെത്തി കളികണ്ടവരുടെ ആകെ എണ്ണം 82.61 ലക്ഷമാണെന്നോര്‍ക്കണം.

കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് കളി ഗോവയിലെ മൂന്ന് വേദികളിലായി നടത്താന്‍ തീരുമാനിച്ചതോടെയാണ് ഇത്തവണ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആരവമില്ലാതെപോകുന്നത്. ഗോവയില്‍ ബാംബോലിം സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സ് അടക്കം നാലു ടീമുകളുടെ ഹോം ഗ്രൗണ്ട്. അവിടെയും അടച്ചിട്ട സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ISL 2020-21 kerala blasters will miss Yellow-clad Nehru Stadium and deafening noises

Content Highlights: ISL 2020-21 kerala blasters will miss Yellow-clad Nehru Stadium and deafening noises