ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
ആദ്യപകുതിയില്‍ മലയാളി താരം അബ്ദുള്‍ ഹക്കുവും രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മുറെയും ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ഈ വിജയം ബ്ലാസ്‌റ്റേഴ്‌സിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ജിക്‌സണ്‍ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോള്‍ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചുതുടങ്ങിയത്. ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദും ബ്ലാസ്‌റ്റേഴ്‌സും ശ്രമിച്ചത്. പത്താം മിനിട്ടില്‍ മലയാളി താരം സഹലിന് മികച്ച അവസരം ബോക്‌സിനകത്തുലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.
20-ാം മിനിട്ടില്‍ അനാവശ്യ ഫൗള്‍ നടത്തിയതിന് സഹലിന് റഫറി മഞ്ഞക്കാര്‍ഡ് ലഭിച്ചു. 21-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ സന്റാനയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ നല്ലൊരു കിക്കെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് പന്ത് അനായാസം കൈയ്യിലാക്കി.
28-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ച ഗോള്‍ പിറന്നു. മലയാളി പ്രതിരോധ താരം അബ്ദുള്‍ ഹക്കുവാണ് ടീമിനായി ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. ഹക്കു ആദ്യമായാണ് ഈ സീസണില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടുന്നത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളുമാണിത്. കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹക്കു വലയിലെത്തിച്ചു. ഇതോടെ കളി ആവേശത്തിലായി.
ഗോള്‍ വഴങ്ങിയതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലമായി 44-ാം മിനിട്ടില്‍ ടീമിന് മികച്ച അവസരം ലഭിച്ചു. പക്ഷേ സന്റാനയ്ക്ക് അത് വലയിലെത്തിക്കാനായില്ല. അത്ഭുതകരമായി പന്ത് പോസ്റ്റിലെത്താതെ പുറത്തേക്ക് പോയി.
രണ്ടാം പകുതി തുടങ്ങിയതുതന്നെ ബ്ലാസ്റ്റേഴ്‌സ് താരം വിസന്റെ ഗോമസിന്റെ ഉഗ്രന്‍ ഷോട്ടിലൂടെയാണ്. മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ഹൈദരാബാദ് ഗോള്‍കീപ്പര്‍ സുബ്രതോപോള്‍ കൈയ്യിലൊതുക്കി. 51-ാം മിനിട്ടില്‍ ബോക്‌സിനകത്ത് സഹലിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
57-ാം മിനിട്ടില്‍ രാഹുലിന്റെ ഗോളെന്നുറച്ച ഒരു ഉജ്ജ്വല ലോങ്‌റേഞ്ചര്‍ സുബ്രതോപോള്‍ ഒരു തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടുകളില്‍ ഹൈദരാബാദിനെ കാഴ്ചക്കാരാക്കി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്.
എന്നാല്‍ പതിയെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലൂന്നിയുള്ള കളി പുറത്തെടുത്തു. ഇത് ഹൈദരാബാദിന് ഉപകാരമായി. തുടര്‍ച്ചയായി ആക്രമിച്ച് കളിച്ച് ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ നിരന്തരം ഇരച്ചുകയറി. 79-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ഹാളിചരണിന്റെ ഉഗ്രന്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി.
87-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചുകൊണ്ട് മത്സരത്തിലെ രണ്ടാം ഗോള്‍ നേടി. മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയാണ് ടീമിനായി തകര്‍പ്പന്‍ ഗോള്‍ നേടിയത്. ബോക്‌സിനകത്ത് രാഹുലിന്റെ പാസിൽ നിന്നും പന്ത് ലഭിച്ച മുറെ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഹൈദരാബാദ് തകര്‍ന്നു. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോളാണിത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: ISL 2020-21 Kerala Blasters vs Hyderabad FC