ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി.

ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു. 

ഇരു വശത്തു നിന്നും മികച്ച മുന്നേറ്റങ്ങള്‍ കണ്ട ആദ്യ പകുതിയില്‍ 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ കിറുകൃത്യമായ കോര്‍ണറില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. 

26-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെയുടെ കിടിലനൊരു ഷോട്ട് മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തിയതില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍. 29-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചേനേ. പക്ഷേ മറെയുടെ ഷോട്ട് അമരീന്ദറിന്റെ കൈയിലിടിച്ച് പോസ്റ്റില്‍ തട്ടി മടങ്ങി. 

ഇതിനിടെ 25-ാം മിനിറ്റില്‍ രാഹുലിന് മികച്ചൊരു അവസരം ലഭിച്ചു. പ്രശാന്തിന്റെ ക്രോസില്‍ നിന്നുള്ള രാഹുലിന്റെ ഷോട്ട് പക്ഷേ ദുര്‍ബലമായിപ്പോയി. പന്ത് മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ അനായാസം കൈയിലൊതുക്കി.

11, 15 മിനിറ്റുകളില്‍ ആദം ലെ ഫോണ്‍ഡ്രെയ്ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് വെറും 25 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. ബിപിന്‍ സിങ്ങാണ് മുംബൈയുടെ ആദ്യ ഗോള്‍ നേടിയത്. 

ഇതിനിടെ 65-ാം മിനിറ്റില്‍ ലെ ഫോണ്‍ഡ്രെയെ കോസ്റ്റ ബോക്‌സില്‍ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാല്‍റ്റി വിധി വന്നു. കിക്കെടുത്ത ലെ ഫോണ്‍ഡ്രെ ഗോള്‍കീപ്പര്‍ ആല്‍ബിനോയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.

മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദറിന്റെ മികച്ച പ്രകടനവും മുംബൈക്ക് തുണയായി.  ബ്ലാസ്റ്റേഴ്‌സിന്റെ ഗോളെന്നുറച്ച ഏഴോളം അവസരങ്ങളാണ് അമരീന്ദര്‍ രക്ഷപ്പെടുത്തിയത്. അമരീന്ദര്‍ തന്നെയാണ് ഹീറോ ഓഫ് ദ മാച്ച്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

 

Content Highlights: ISL 2020-21 Kerala Blasters takes on Mumbai City