കൊച്ചി: കപ്പടിച്ച് കലിപ്പുതീര്‍ക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് ഇക്കുറിയെങ്കിലും അവസാനിക്കുമോ? ഐ.എസ്.എലില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചോദ്യത്തിനനുകൂലമായ ഉത്തരമുണ്ടാകുമെങ്കില്‍ ഗാരി ഹൂപ്പര്‍ സൂപ്പറാകണം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും യൂറോപ്പ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കളിച്ച അനുഭവസമ്പത്തുമായി ഇംഗ്ലീഷ് താരം മഞ്ഞക്കുപ്പായത്തിലെത്തുമ്പോള്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ സൂപ്പര്‍ താരം ഗാരി ഹൂപ്പര്‍ 'മാതൃഭൂമി'ക്കനുവദിച്ച ഇ-മെയില്‍ അഭിമുഖം.

ഐ.എസ്.എലില്‍ ഇത് താങ്കളുടെ ആദ്യ സീസണാണ്. എന്തൊക്കെയാണ് പ്രതീക്ഷകള്‍?

ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. സ്ട്രൈക്കറെന്നനിലയില്‍ ഗോളടിക്കലാണ് എന്റെ ജോലി. അതു കൃത്യമായി ചെയ്ത് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുകയാണ് ആദ്യ ലക്ഷ്യം.

ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും ടോപ് സ്‌കോററായ ഒഗ്ബെച്ചേക്കു പകരക്കാരനായാണ് താങ്കള്‍ വരുന്നത്. അതു വലിയ സമ്മര്‍ദം നല്‍കുന്നുണ്ടോ?

ഒഗ്ബെച്ചേക്ക് പകരക്കാരനായിട്ടാണ് ഞാന്‍ വരുന്നതെന്ന് ആരാണ് പറഞ്ഞത്. അദ്ദേഹം മഹാനായ കളിക്കാരനാണ്. പക്ഷേ, ഞാന്‍ ടീമിലേക്കുവരുന്നത് എന്റെ മികവിന്റെ അടിസ്ഥാനത്തിലാണ്. കളിച്ച എല്ലാ ലീഗുകളിലും നന്നായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് ഇവിടെയും തുടരുകയാണ് ലക്ഷ്യം. ഒഗ്ബെച്ചേയെ ഓര്‍ത്ത് എനിക്ക് യാതൊരു സമ്മര്‍ദവുമില്ല.

താങ്കളും ജോര്‍ദാന്‍ മുറേയും ചേരുന്ന ആക്രമണജോടിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പറയാനല്ല, പ്രവര്‍ത്തിക്കാനാണുള്ളത്. ഞാനും മുറേയും ചേരുമ്പോള്‍ ഗോളുകള്‍ സൃഷ്ടിക്കുന്ന ജോടിയാകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി കളിക്കളത്തില്‍ പോരാടും.

ഫുട്ബോളിന് അപ്പുറം താങ്കളുടെ പ്രധാന ഹോബികള്‍? 

ഗോള്‍ഫും ടെന്നീസും എനിക്ക് ഒരുപാടിഷ്ടമാണ്. സമയം കിട്ടുമ്പോഴൊക്കെ ഇതു രണ്ടും കളിക്കാറുണ്ട്.

ഇഷ്ട ഭക്ഷണം?

ജാപ്പനീസ് ഭക്ഷണമായ സുഷി എനിക്കു വളരെയിഷ്ടമാണ്. റൈസും പച്ചക്കറികളും മീനുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന സുഷി എപ്പോള്‍ കഴിക്കാനും എനിക്കിഷ്ടമാണ്.

ഇഷ്ടപ്പെട്ട കളിക്കാരനും ക്ലബ്ബും?

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് ആരാധിക്കുന്നത്. അതു ലയണല്‍ മെസ്സി അല്ലാതെ മറ്റാരാണ്. ഇഷ്ടപ്പെട്ട ക്ലബ്ബ് ടോട്ടനമാണ്.

മലയാളി താരങ്ങളായി സഹലിനെയും രാഹുലിനെയും എങ്ങനെ വിലയിരുത്തുന്നു?

ഗോളടിക്കാന്‍ മിടുക്കുള്ള താരങ്ങളാണ് ഇരുവരും. ഇന്ത്യന്‍ താരങ്ങളുടെ വേഗവും സ്‌കില്ലും കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ മികച്ച ഫലങ്ങളുണ്ടാക്കാന്‍ സാധിക്കും.

Content Highlights: ISL 2020-21 kerala blasters striker Gary Hooper interview