കൊച്ചി: ഐ.എസ്.എല്‍. ഏഴാം സീസണിലെ മൂന്നു കളികള്‍ കഴിഞ്ഞപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നേട്ടം രണ്ടുപോയന്റാണ്. ആരാധകര്‍ കാത്തിരിക്കുന്ന വിജയത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ഞായറാഴ്ച ഗോവക്കെതിരേയാണ് അടുത്തമത്സരം. ഈ സാഹചര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിഖില്‍ ഭരദ്വാജ് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

ഇത്തവണ ടീം തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു

*കളിക്കാരുടെ മികവുതന്നെയായിരുന്നു പ്രധാന മാനദണ്ഡം. പല വിദേശകളിക്കാരും അവരുടെ കരിയറിലെ അവസാന സ്റ്റോപ്പായി ഐ.എസ്.എലിനെ കാണുന്നു. പേരും പെരുമയുമുള്ള താരങ്ങളെ അവരുടെ കരിയറിലെ അവസാന കാലത്ത് നമുക്കു കിട്ടിയിട്ടു കാര്യമില്ല. ഓരോ സീസണ്‍ കഴിയുന്തോറും നിലവാരം കൂടിവരുന്ന ഐ.എസ്.എലില്‍ അതിനനുസരിച്ച താരങ്ങളും വരണം. ഉടമയെന്നനിലയില്‍ ഞാനും കോച്ചും സ്‌പോര്‍ട്ടിങ് ഡയറക്ടറും ട്രാന്‍സ്ഫര്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് താരങ്ങളെ നിശ്ചയിച്ചത്.

വിദേശതാരങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് പരിഗണിച്ചത്

*വിദേശികളെയും ഇന്ത്യക്കാരെയും വേര്‍തിരിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയല്ല ഞങ്ങള്‍ അവലംബിച്ചത്. എല്ലാവരും കളിക്കാരാണ്. ടെക്നിക്കല്‍ ടീം തയ്യാറാക്കിയ പട്ടികയില്‍ നല്ല വിദേശതാരങ്ങള്‍ തന്നെയാണ് ഇടംപിടിച്ചത്. സ്വഭാവം, നേതൃപാടവം, പരിചയസമ്പത്ത്, പ്രായം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചു.

ഒഗ്ബെച്ചെയെയും ജിംഗാനെയും നിലനിര്‍ത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്

*കളിക്കാര്‍ വരുന്നതും പോകുന്നതും പ്രൊഫഷണല്‍ ക്ലബ്ബിന്റെ ഭാഗമാണ്. ഇതുവരെ എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന ജിംഗാനെ നിലനിര്‍ത്താന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ഒഗ്ബെച്ചെയെ ഒഴിവാക്കാനുള്ള തീരുമാനവും എളുപ്പമായിരുന്നില്ല. പക്ഷേ, ക്ലബ്ബിന്റെ മൊത്തത്തിലുള്ള തീരുമാനങ്ങളില്‍ ഇത്തരം സങ്കടങ്ങള്‍ക്കു സ്ഥാനമില്ല.

മലയാളി താരങ്ങളില്‍ മിക്കവരെയും നിലനിര്‍ത്തിയല്ലോ

*ലോക്കല്‍ ഹീറോസ് എന്ന ആശയം എല്ലാ ക്ലബ്ബുകളുടെയും ആരാധകര്‍ ആഗ്രഹിക്കും. സഹല്‍ അബ്ദുല്‍ സമദ്, കെ.പി. രാഹുല്‍, അബ്ദുല്‍ ഹക്കു, പ്രശാന്ത് എന്നിവര്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനോട് മലയാളികള്‍ക്കു കൂടുതല്‍ ഇഷ്ടമുണ്ടാകും. കേരളത്തില്‍നിന്ന് പുതിയ കളിക്കാര്‍ വളര്‍ന്നുവരാനും ഇത് സഹായകരമാകും.

കോവിഡ് കാലത്ത് ടീമിനെ ഒരുക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നോ

*കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫിനോ കോവിഡ് ബാധിക്കാതെ പ്രീ സീസണ്‍ പരിശീലനം നടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതു ഭംഗിയായി ചെയ്യാനായി. വിദേശതാരങ്ങള്‍ അടക്കം എല്ലാവരുടെയും ക്വാറന്റീനും പരിശീലനത്തിനും വലിയ ക്രമീകരണങ്ങളുണ്ടായിരുന്നു.

ആരാധകര്‍ക്കു നല്‍കാവുന്ന വാഗ്ദാനം എന്താണ്

*ഫുട്ബോള്‍ ബിസിനസായി കാണുന്ന ആളല്ല ഞാന്‍. ക്രിക്കറ്റിനു പുറമേ മറ്റു കളികളും രാജ്യത്ത് വളര്‍ന്നുവരണമെന്ന ആഗ്രഹത്തിലാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. കപ്പ് നേടാന്‍ കഴിയുന്ന ടീമിനെത്തന്നെയാണ് ആരാധകര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. എന്നെ വിശ്വസിക്കൂ, കാത്തിരിക്കൂ... ഈ ടീം നിങ്ങളുടേതാണ്.

Content Highlights: ISL 2020-21 Kerala Blasters owner Nikhil Bhardwaj talks to Mathrubhumi