ബംബോലിം: തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ച് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് മുംബൈ എഫ്.സി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് മുംബൈ മഞ്ഞപ്പടയെ കീഴടക്കിയത്. ഈ വർഷത്തെ ആദ്യമത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി.

ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. മറുവശത്ത് മുംബൈ പോയന്റ് പട്ടികയില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ടീമിന്റെ ഈ സീസണിലെ ആറാം വിജയമാണിത്. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്ത് തുടരുന്നു. 

ആദ്യ 11 മിനിട്ടുകള്‍ക്കുള്ളിലാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളുകളും വഴങ്ങിയത്. മുംബൈയ്ക്കായി ആദം ലേ ഫോണ്‍ട്രെയും ഹ്യൂഗോ ബൗമസുമാണ് സ്‌കോര്‍ ചെയ്തത്. നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ ടീമിന് സാധിച്ചില്ല. മുബൈയുടെ നായകനും ​ഗോൾകീപ്പറുമായ അമരീന്ദറിന്റെ തകർപ്പൻ സേവുകളും ബ്ലാസ്റ്റേഴ്സിന് വിലങ്ങുതടിയായി. അമരീന്ദറാണ്  മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് മുംബൈയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. കേരളത്തെ ഞെട്ടിച്ച് രണ്ടാം മിനിട്ടില്‍ തന്നെ മുംബൈ എഫ്.സി ആദ്യ ഗോള്‍ നേടി. പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ആദം ലേ ഫോണ്‍ട്രെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.

ബോക്‌സിനകത്തുവെച്ച് ഹ്യൂഗോ ബൗമസിനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരം കോസ്റ്റ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് റഫറി മുംബൈയ്ക്ക് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത ഫോണ്‍േ്രട ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നാലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മികച്ച ഒരു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും കോസ്റ്റയുടെ ഫൗള്‍ കാരണം കിക്ക് അസാധുവാക്കി. 

പിന്നാലെ ഫ്രീകിക്കെടുത്ത മുംബൈയുടെ അഹമ്മദ് ജാഹു പന്ത് കൃത്യമായി ഹ്യൂഗോ ബൗമസിന്റെ കാലുകളിലെത്തിച്ചു. നീണ്ട ഒരു തകര്‍പ്പന്‍ പാസ്സായിരുന്നു അത്. പാസ് പിടിച്ചെടുത്ത ബൗമസ് രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് ഗോള്‍കീപ്പര്‍ ആല്‍ബിനോയെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ 11 മിനിട്ടുകളില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടുഗോളുകള്‍ വഴങ്ങി. 

രണ്ടു ഗോളുകള്‍ക്ക് പിറകിലായെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചുതന്നെ കളിച്ചു. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. 30-ാം മിനിട്ടില്‍ രണ്ടു താരങ്ങളെ വെട്ടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ ബോക്‌സിനകത്തേക്ക് കയറി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ അമരീന്ദര്‍ അത് തട്ടിയകറ്റി. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര നിറം മങ്ങിയ കളിയാണ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉന്മേഷത്തോടെ ബ്ലാസ്‌റ്റേഴ്‌സാണ് കളിച്ചുതുടങ്ങിയത്. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ വന്ന പിഴവ് നികത്താനും അതോടൊപ്പം ആക്രമണത്തില്‍ ശ്രദ്ധിക്കാനും ബ്ലാസ്റ്റേഴ്‌സ് മറന്നില്ല. 

54-ാം മിനിട്ടില്‍ ബോക്‌സിനകത്തേക്ക് കയറിയ ബ്ലാസ്‌റ്റേഴ്‌സിന്റെ പൂട്ടിയ നല്ലൊരു കിക്കെടുത്തെങ്കിലും അത് പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി മടങ്ങി. പിന്നാലെ ജോര്‍ദാന്‍ മറെ മുംബൈ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

71-ാം മിനിട്ടില്‍ ഹ്യൂഗോ ബൗമസിനെ ബോക്‌സിനകത്തുവെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ് ഫൗള്‍ ചെയ്തതിന് വീണ്ടും മുംബൈയ്ക്കനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. സന്ദീപ് പന്തിനെയാണ് ടാക്കിള്‍ ചെയ്തത് എന്നിട്ടും കേരളത്തിനെതിരേ റഫറി ഫൗള്‍ വിധിച്ചു. 

കിക്കെടുത്തതും ബൗമസായിരുന്നു. പോസ്റ്റിന്റെ ഇടതുവശത്തേക്ക് താരം കിക്കെടുത്തു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഒരു മുഴുനീള ഡൈവിലൂടെ പന്ത് തട്ടിയകറ്റി. തകര്‍പ്പന്‍ സേവ് തന്നെയാണ് ആല്‍ബിനോ നടത്തിയത്. 

തൊട്ടുപിന്നാലെ വിസെന്റെ ഗോമസ് ഒരു മികച്ച ഷോട്ടെടുത്തെങ്കിലും മുംബൈയുടെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ തകര്‍പ്പന്‍ സേവിലൂടെ അത് തട്ടിയകറ്റി. തട്ടിയകറ്റിയിട്ടും പന്ത് ക്രോസ്ബാറിന് തട്ടിത്തെറിച്ചു. പിന്നാലെ സഹലിനും മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കാന്‍ സാധിച്ചില്ല. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 Kerala Blasters look to continue winning momentum against Mumbai City FC