കോഴിക്കോട്: സന്നാഹമത്സരങ്ങളില്‍ ഉഷാറായതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് സൗഹൃദമത്സരങ്ങളിലെ ടീമിന്റെ പ്രകടനം.

ഗോവയില്‍ നാല് മത്സരങ്ങളിലാണ് ടീം കളിച്ചത്. ആദ്യ കളിയില്‍ ഹൈദരാബാദ് എഫ്.സിയെയും (2-0) നാലാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയെയും (3-0) ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചു. മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ ഈസ്റ്റ് ബംഗാളിനോടാണ് തോറ്റത് (1-3).

ഹൈദരാബാദ്, മുംബൈ ടീമുകള്‍ക്കെതിരേ പൂര്‍ണമായും ഇന്ത്യന്‍ താരങ്ങളുമായി കളിച്ച ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരേ ആദ്യപകുതിയിലും വിദേശതാരങ്ങളെ ഇറക്കിയില്ല. അവസാന മത്സരത്തില്‍ അഞ്ച് വിദേശതാരങ്ങളെയാണ് പരീക്ഷിച്ചത്.

വ്യത്യസ്ത ഫോര്‍മേഷനുകളിലും കളിക്കാരെ വിവിധ പൊസിഷുകളിലുമാണ് പുതിയ പരിശീലകന്‍ കിബു പരീക്ഷിച്ചത്. അവസാന മത്സരത്തില്‍ ഋത്വിക് ദാസിനെ വലതുവിങ് ബാക്കായി ആദ്യ പകുതിയില്‍ ഇറക്കി. പരിക്കില്‍നിന്ന് മുക്തനായ നിഷുകുമാര്‍ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ടീമിലേക്ക് വൈകിയെത്തിയ അര്‍ജന്റീനതാരം ഫകുണ്ടോ പെരെയ്‌രയ്ക്കാണ് സന്നാഹമത്സരങ്ങളുടെ ഗുണം കിട്ടാതിരുന്നത്. സൂപ്പര്‍ സ്ട്രൈക്കര്‍ ഗാരി ഹൂപ്പറടക്കം നാല് വിദേശതാരങ്ങളെയാണ് കാര്യമായി പരീക്ഷിച്ചത്.

കളിച്ച രണ്ട് മത്സരങ്ങളിലും ഹൂപ്പര്‍ സ്‌കോര്‍ ചെയ്തതും മലയാളി താരങ്ങളായ കെ.പി. രാഹുലും സഹല്‍ അബ്ദു സമദും ഗോള്‍ നേടിയതും കിബുവിനെ സന്തോഷിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സന്നാഹമത്സരങ്ങളില്‍ ടീം മികച്ച പ്രകടനം നടത്തുന്നത് മാനേജ്മെന്റിനും ആശ്വാസം പകരുന്നതാണ്. പുതിയ സീസണിലേക്ക് മികച്ച വിദേശതാരങ്ങളെ കൊണ്ടുവന്നതടക്കം മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്. 

വിദേശതാരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ വമ്പന്‍പേരുകാരായ ഇന്ത്യന്‍ താരങ്ങള്‍ ടീമിലില്ല. യുവത്വവും വിദേശതാരങ്ങളുടെ പരിചയസമ്പത്തും ചേര്‍ത്തിണക്കിയ ടീമിനെ ഇറക്കാനാണ് കിബുവിന്റെ ശ്രമം. റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തി 30 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 20-ന് ഉദ്ഘാടനമത്സരത്തില്‍ കൊല്‍ക്കത്ത ക്ലബ്ബ് എ.ടി.കെ. മോഹന്‍ ബഗാനാണ് എതിരാളി.

Content Highlights: ISL 2020-21 Kerala Blasters good performance in pre-season friendlies