ബംബോലിം: രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെതിരേ സമനില. 13-ാം മിനിറ്റില്‍ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്.

ഐ.എസ്.എല്ലിലെ ആദ്യ ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ സ്വപ്‌നമാണ് ജെയ്ക്‌സണ്‍ സിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. 

13-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളര്‍ത്തി മഗോമ നല്‍കിയ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്‌സിലുണ്ടായിരുന്നു പില്‍കിങ്ടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബക്കാരി കോനെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയിലുടനീളം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിക്കുകയായിരുന്നു ഈസ്റ്റ് ബംഗാള്‍. മഗോമയുടെയും പില്‍കിങ്ടന്റെയും മുന്നേറ്റത്തില്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ആടിയുലയുകയായിരുന്നു. പലപ്പോഴും ഭാഗ്യം കൊണ്ടാണ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ ടീം രക്ഷപ്പെട്ടത്. 

38-ാം മിനിറ്റില്‍ നിഷു കുമാറിന്റെ പ്രതിരോധ പിഴവ് ഗോളാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. 

എന്നാല്‍ രണ്ടാം പകുതിയില്‍ അടിമുടി മാറിയ ബ്ലാസ്റ്റേഴ്‌സിനെയാണ് മൈതാനത്ത് കണ്ടത്. ഗോള്‍ നേടാനുറച്ച് രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഗാരി ഹൂപ്പറിന് പകരം ജോര്‍ദാന്‍ മറെയും സെയ്ത്യാസെന്‍ സിങ്ങിന് പകരം സഹല്‍ അബ്ദുള്‍ സമദും രോഹിത് കുമാറിന് പകരം ജീക്‌സണ്‍ സിങ്ങും കളത്തിലിറങ്ങി. 

ഇതോടെ കളിയും മാറി. ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടാം പകുതിയില്‍ മിക്കമാറും സമയം പന്ത് ഈസ്റ്റ് ബംഗാളിന്റെ ഹാഫിലായിരുന്നു. 

ഇതിനിടെ 62-ാം മിനിറ്റില്‍ റഫീഖിന്റെ ഗോളെന്നുറച്ച ഷോട്ട് ആല്‍ബിനോ രക്ഷപ്പെടുത്തി. 71-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മറെ നഷ്ടപ്പെടുത്തുകയും ചെയ്തു. താരത്തിന്റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി ദേബ്ജിത്ത് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നീട് 87-ാം മിനിറ്റില്‍ മഗോമയുടെ ഗോളെന്നുറച്ച ഷോട്ടും കിടിലന്‍ ഡൈവിലൂടെ ആല്‍ബിനോ രക്ഷപ്പെടുത്തി.

ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാകെ പൊരുതിയപ്പോള്‍ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ അതിന് ഫലം ലഭിച്ചു. കോര്‍ണല്‍ ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് ലഭിച്ച സഹല്‍ നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച ജെയ്ക്‌സണ്‍ സിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില ഗോള്‍ സമ്മാനിച്ചത്. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: ISL 2020-21 Kerala Blasters FC against SC East Bengal