കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സ് ടീം നായകനും മധ്യനിര താരവുമായ സ്പാനിഷുകാരന്‍ സെര്‍ജി സിഡോഞ്ച ടീം വിട്ടു. പരിക്കുമൂലം സീസണില്‍ കളിക്കാന്‍ കഴിയില്ലെന്നുറപ്പായതോടെയാണ് തീരുമാനം. 

താരം സ്‌പെയിനിലേക്ക് മടങ്ങുന്ന കാര്യം സ്ഥിരീകരിച്ച ക്ലബ്ബ് പുതിയ വിദേശതാരത്തെ ടീമിലെത്തിക്കുമെന്നും വ്യക്തമാക്കി. ക്ലബ്ബിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ് സിഡോ സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ക്ലബ്ബും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

പരിക്കുള്ള താരത്തിന് പകരം, മറ്റു ക്ലബ്ബുമായി കരാറില്ലാത്ത താരത്തെ കൊണ്ടുവരാന്‍ കഴിയും. പുതിയ കളിക്കാരന്‍ എത്തിയാല്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടതിനാല്‍ ഇതിനുള്ള നീക്കം മാനേജ്‌മെന്റ് തുടങ്ങി. മികച്ച വിദേശ മധ്യനിരതാരമില്ലെങ്കില്‍ മുന്നോട്ടുള്ള പോക്ക് അപകടമാകുമെന്ന് ക്ലബ്ബ് തിരിച്ചറിയുന്നു.

എഫ്.സി. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഇത് വ്യക്തമായിരുന്നു. സ്‌ട്രൈക്കര്‍മാരായ ഗാരി ഹൂപ്പറും, ജോര്‍ഡാന്‍ മറെയും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. പ്രതിരോധത്തില്‍ ബക്കാരി കോനെ, കോസ്റ്റ നമോയിന്‍സു, ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ വിസന്റെ ഗോമസ്, അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഫക്കുണ്ടോ പെരെയ്ര എന്നിവര്‍ മോശമല്ലാകെ കളിക്കുന്നു.

നന്നായി കളിക്കുന്നതിനിടെയാണ് സിഡോക്ക് പരിക്കേറ്റത്. ഗോവയ്‌ക്കെതിരേ സിഡോയില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ടീം നാലാം മത്സരത്തില്‍ നിറംമങ്ങി.

Content Highlights: ISL 2020-21 Kerala Blasters captain Cidoncha ruled out of season